മുംബൈ: രാമായണത്തിന്‍റെ വികലമായ ചിത്രീകരണമാണെന്നാരോപിച്ച് ‘ആദിപുരുഷി’ന്‍റെ പ്രദർശനം തടഞ്ഞ് ഹിന്ദുത്വ സംഘടന. മുംബൈ നല്ലസോപര കാപിറ്റൽ മാളിലെ തിയറ്ററിൽ ഇന്നലെ രാത്രിയാണ് സംഭവം. രാഷ്ട്ര പ്രഥം എന്ന സംഘടനയുടെ പ്രവർത്തകരാണ് തിയറ്ററിൽ കടന്ന് പ്രദർശനം നിർത്തിവെപ്പിച്ചത്.
രാത്രി എട്ടിന് ആരംഭിച്ച പ്രദർശനത്തിനിടെ രാഷ്ട്ര പ്രഥം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ തിയറ്ററിനകത്ത് പ്രവേശിക്കുകയായിരുന്നു. സിനിമക്കെതിരെയും നിർമാതാക്കൾക്കെതിരെയും മുദ്രാവാക്യം മുഴക്കിയ ഇവർ, ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. തുടർന്ന് പ്രദർശനം നിർത്തിവെക്കുകയായിരുന്നു.
ഹിന്ദു പുരാണമായ രാമായണമാണ് ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിന്‍റെ ഇതിവൃത്തം. തിയറ്ററിൽ ഹനുമാന് വേണ്ടി സീറ്റ് മാറ്റിവെക്കും തുടങ്ങിയ പ്രസ്താവനകളിലൂടെ സിനിമ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ, പുരാണ കഥാപാത്രങ്ങളെ വികലമായാണ് ചിത്രീകരിച്ചതെന്ന് കാട്ടി ഏതാനും ഹിന്ദുത്വ സംഘടനകൾ തന്നെ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
അയൽരാജ്യമായ നേപ്പാളിൽ രണ്ടിടത്ത് ആദിപുരുഷിന് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. കാഠ്മണ്ഡുവിലും പൊഖാറയിലുമാണ് വിലക്ക്. എല്ലാ ഇന്ത്യൻ ചിത്രങ്ങളുടെയും പ്രദർശനം നിർത്തിവെക്കാനാണ് നീക്കം. ‘ആദിപുരുഷി’ൽ സീത ജനിച്ചത് ഇന്ത്യയിലാണെന്ന് പറയുന്നതാണ് നേപ്പാളിൽ വിവാദമായത്. സീത നേപ്പാളിലാണ് ജനിച്ചതെന്ന വാദം ഉന്നയിച്ച് ശക്തമായ പ്രതിഷേധമാണ് സിനിമക്കെതിരെ രാജ്യത്ത് ഉയർന്നത്.