മുംബൈ : കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നേരത്തേ കൊണ്ടുവന്ന നോട്ട് അസാധുവാക്കലും കാർഷിക നിയമങ്ങളും വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോൾ സർക്കാർ പുതിയ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുടെ 56–ാം വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഗ്നിപഥിനെതിരെ നിരവധി ചെറുപ്പക്കാർ തെരുവിലിറങ്ങി. എന്തിനാണ് അവർ രോഷാകുലരായത്? ആരാണ് അവരോട് തെരുവിലിറങ്ങാൻ ആവശ്യപ്പെട്ടത്? ഞങ്ങളുടെ ഹൃദയത്തിൽ ശ്രീരാമനുണ്ട്. പക്ഷേ, നിങ്ങളുടെ കൈകളിൽ ജോലി ഉണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും. നിങ്ങൾക്ക് ജോലിയില്ലെങ്കിൽ ഭഗവാന്റെ നാമം ജപിച്ചിട്ടു കാര്യമില്ല.നിങ്ങൾ ഒരു മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ വേണ്ടി ടെൻഡറുകൾ കൊണ്ടുവരുമോ? അങ്ങനെ വേണമെങ്കിൽ ഇപ്പോഴത്തെ നിയമന ആശയം പ്രയോഗിക്കുക. ജോലിക്കെടുത്ത ഉടനെ പിരിച്ചുവിടുക, ഉപയോഗിക്കുക, ഉപേക്ഷിക്കുക. പാലിക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രമേ നൽകാവൂ. ഓരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് വാഗ്ദാനം നൽകി. എന്നാൽ എന്താണ് ചെയ്ത്? ഒന്നും ചെയ്തില്ല.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കാത്തതിനാലാണ് ശിവസേന ശക്തമായി മുന്നോട്ട് പോകുന്നത്. അഗ്നിപഥിന്റെ കാര്യത്തിൽ, നാല് വർഷം കഴിഞ്ഞാൽ അഗ്നിവീരന്മാർക്ക് ജോലിയുണ്ടാകില്ല. 17 മുതൽ 21 വരെയുള്ള പഠിക്കേണ്ട പ്രായത്തിലാണ് അവരെ ജോലിക്ക് നിയമിക്കുന്നത്. 22 വയസ്സുകഴിഞ്ഞ് പുറത്തുവന്നാൽ അയാൾക്ക് എവിടെ ജോലി കിട്ടുമെന്നും ഉദ്ധവ് ചോദിച്ചു.