ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവര്‍ അപൂര്‍വമാണെന്ന് തന്നെ പറയാം. അത്രമാത്രം സ്മാര്‍ട് ഫോണുകളും ഇന്‍റര്‍നെറ്റും സജീവമാണിന്ന്. സോഷ്യല്‍ മീഡിയ തന്നെ രണ്ട് രീതിയില്‍ ഉപയോഗിക്കാം. ഒന്ന് നമുക്കാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിനോദത്തിനുമെല്ലാം വേണ്ടി. രണ്ടാമത്തേത് സോഷ്യല്‍ മീഡിയയുടെ അനാരോഗ്യകരമായ ഉപയോഗമാണ്. മറ്റുള്ളവരുടെ അംഗീകാരത്തിനും പ്രശസ്തിക്കും വേണ്ടി എന്ത് വേണമെങ്കിലും ചെയ്യാമെന്ന അവസ്ഥയിലേക്കെല്ലാം ആളുകള്‍ എത്തുന്നത് സോഷ്യല്‍ മീഡിയ അനാരോഗ്യകരമായ രീതിയില്‍ ഉപയോഗിക്കുന്നത് മൂലമാണ്.
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്കും റീല്‍സിനുമെല്ലാം വേണ്ടി പലതും ചെയ്യുന്ന ആളുകളുണ്ട്. ഇതൊരുപക്ഷെ നിലവിലുള്ള നിയമങ്ങളെയെല്ലാം വെല്ലുവിളിക്കുന്നത് പോലുമാകാറുണ്ട്.
അത്തരത്തിലൊരു സംഭവമാണ് ഒഡിഷയിലെ സംഭാല്‍പൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തന്‍റെ യൂട്യൂബ് ചാനലിനായി പാമ്പുകളെ കൈവശം വച്ചൊരു യുവാവ് പൊലീസിന്‍റെ പിടിയിലായിരിക്കുകയാണ്. യൂട്യൂബറായ രാമചന്ദ്ര റാണ എന്ന മുപ്പത്തിയൊന്നുകാരനാണ് പിടിയിലായിരിക്കുന്നത്. മൂന്ന് മൂര്‍ഖൻ പാമ്പുകളടക്കം ആറ് പാമ്പുകളെയാണ് ഇയാളുടെ കയ്യില്‍ നിന്ന് പിടികൂടിയിരിക്കുന്നത്.
യൂട്യൂബില്‍ ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട് രാമചന്ദ്ര റാണയ്ക്ക്. പാമ്പുകളുമായുള്ള വീഡിയോകളും റാണ തന്‍റെ ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇതിനായി മഴക്കാലത്ത് താൻ നാട്ടില്‍ വച്ച് പിടികൂടിയതാണ് പാമ്പുകളെയെന്ന് റാണ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആവശ്യം കഴിഞ്ഞാല്‍ പാമ്പുകളെ തിരികെ തുറന്നുവിടുമെന്നും പാമ്പുകള്‍ക്ക് മറ്റ് ഉപദ്രവമുണ്ടാക്കാറില്ലെന്നും റാണ പറയുന്നു.
എന്നാല്‍ പാമ്പുകള്‍ക്ക് ഉപദ്രവമാകുന്നത് മാത്രമല്ല, റാണ അടക്കമുള്ളവരുടെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് പൊലീസ് നടപടി. ഇതുപോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ഇതൊരു മാതൃകയാകണമെന്നാണ് പൊലീസ് പറയുന്നത്. വിഷമുള്ള പാമ്പുകളെ പിടികൂടി ഇങ്ങനെ കൈവശം വയ്ക്കുന്നത് ഒരേസമയം നിയമവിരുദ്ധവും അതേസമയം അപകടവുമാണ്. ഇത്തരം കാര്യങ്ങളില്‍ ഉള്‍പ്പെടാതിരിക്കാനാണ് ഏവരും ശ്രമിക്കേണ്ടത്.
നേരത്തെ സോഷ്യൽ മീഡിയയിൽ താരമാകാൻ വേണ്ടി നടുറോഡില്‍ മദ്യപിക്കുകയും വിമാനത്തിനകത്ത് പുകവലിക്കുകയും ചെയ്ത ഇൻഫ്ളുവൻസര്‍ക്കെതിരെ കേസ് വന്നിരുന്നു. ഇതിന് പുറമെ ദില്ലി മെട്രോയിൽ ഡാൻസ് ചെയ്യുന്ന വീഡിയോ വൈറലായതോടെ ഒരു പെണ്‍കുട്ടിക്കെതിരെയും കേസ് വന്നിരുന്നു.