ചെന്നൈ: കേരളത്തിലെ പോലെ തന്നെ തമിഴ്നാട്ടിലും അതിശക്തമായ മഴയാണ്. 35 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. 8 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് പെരുമഴ പെയ്യുന്നത്. ആകെയുള്ള 38 ജില്ലകളില്‍ 35 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി, വിരുതുനഗര്‍, പുതുക്കോട്ടെ, നീലഗിരി, തേനി എന്നീ ജില്ലകളിലെ സ്കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.
ചെന്നൈയില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. മേട്ടുപ്പാളയത്ത് ഉരുള്‍പൊട്ടിയതോടെ കുനൂര്‍ റോഡില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. കോവൈ കുറ്റാലം വെള്ളച്ചാട്ടത്തിൽ സന്ദർശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. അടുത്ത മൂന്ന് ദിവസം തമിഴ്നാട്ടിലെ 10 ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തേനി എന്നീ ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. രാമനാഥപുരം, വിരുദുനഗർ, തൂത്തുക്കുടി, മധുരൈ, ഡിണ്ടിഗൽ, തിരുപ്പൂർ, കോയമ്പത്തൂർ, നീലഗിരി, തിരുവള്ളൂർ, റാണിപേട്ട്, കാഞ്ചീപുരം, ചെന്നൈ, ചെങ്കൽപട്ട്, നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നും ജാഗ്രത പാലിക്കാനും അറിയിപ്പുണ്ട്.
അതേസമയം ചക്രവാതചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ മഴ അതിശക്തമായിരിക്കുകയാണ്. കേരളത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.