ബാങ്ക് മോഷ്ടാവെന്ന് കരുതി ഹോളിവുഡ് സംവിധായകനെ പിടികൂടി വെട്ടിലായി പോലീസ്. ബ്ലാക്ക് പാന്തർ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ റയാൻ കൂഗ്ലറെയാണ് ബാങ്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ചത്. ബാങ്ക് ഓഫ് അമേരിക്കയുടെ അറ്റലാന്റ ബ്രാഞ്ചിലാണ് സംഭവം. റയാനെ പോലീസ് വിലങ്ങ് വച്ചുവെങ്കിലും പിന്നീട് തിരിച്ചറിഞ്ഞതോടെ വിട്ടയക്കുകയായിരുന്നു. തൊപ്പിയും, കൂളിംഗ് ഗ്ലാസും മാസ്‌കുമണിഞ്ഞിരുന്ന റയാൻ ബാങ്കിലെത്തി വിത്‌ഡ്രോവൽ സ്ലിപ്പ് കൗണ്ടറിൽ നൽകി. ‘എനിക്ക് 12,000 ഡോളർ പിൻവലിക്കണം. പണം എണ്ണുന്നത് മറ്റെവിടെയെങ്കിലും വച്ച് വേണം, കാരണം എന്നിലേക്ക് ശ്രദ്ധവരരുത്- റയാൻ സ്ലിപ്പിന് പിന്നിൽ എഴുതി. സ്ലിപ്പിന് പിന്നിൽ റയാൻ എഴുതിയ ഈ കുറിപ്പാണ് പ്രശ്‌നങ്ങൾക്ക് വഴിവച്ചത്.
റയാന്റെ ട്രാൻസാക്ഷൻ ലിമിറ്റ് 10,000 ഡോളറായിരുന്നു. 12,000 ഡോളർ പിൻവലിക്കാനുള്ള അപേക്ഷ ലഭിച്ചതോടെ റയാന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അലേർട്ട് സന്ദേശം എത്തി. ഇതും നേരത്തെ ലഭിച്ച കുറിപ്പും എല്ലാം കൂട്ടി വായിച്ചപ്പോൾ മോഷണശ്രമമെന്ന് തെറ്റിദ്ധരിച്ച് കൗണ്ടറിലെ ഉദ്യോഗസ്ഥ മുതിർന്ന ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. തുടർന്ന് ഇരുവരും പോലീസിൽ വിവരമറിയിച്ചു. പോലീസ് ബാങ്കിന് പുറത്തെത്തിയപ്പോൾ കണ്ടത്, പുറപ്പെടാൻ തയാറിയിരിക്കുന്ന ഒരു കറുത്ത ലെക്‌സസ് വണ്ടിയും അകത്ത് രണ്ട് പേരെയുമാണ്. വാഹനത്തിലെ വ്യക്തികളെ ചോദ്യം ചെയ്തപ്പോൾ തങ്ങൾ ബാങ്കിനകത്ത് പോയ സിനിമാ സംവിധായകനായ റയാൻ കൂഗ്ലറെ കാത്തിരിക്കുകയാണെന്നായിരുന്നു. ഇവരുടെ വിവരണവും ബാങ്ക് അധികൃതരുടെ വിവരണവും തമ്മിൽ സാമ്യം തോന്നിയ പോലീസ് ബാങ്കിലെത്തി റയാൻ കൂഗ്ലറെ പിടികൂടി വിലങ്ങുവച്ചു.
കൂഗ്ലറിന്റെ ഐഡന്റിറ്റി പരിശോധിച്ചതോടെയാണ് അബദ്ധം പറ്റിയെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് വിട്ടയക്കുകയും ചെയ്തു. സംഭവത്തിൽ ബാങ്ക് അധികൃതർ റയാനോട് മാപ്പ് പറഞ്ഞു. ജനുവരി 7നാണ് സംഭവം നടക്കുന്നതെങ്കിലും വാർത്ത പുറത്ത് വരുന്നത് ഇപ്പോഴാണ്.