കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ഓശാന ഞായർ മുതൽ ആരംഭിക്കുമെന്ന് സീറോ മലബാർ സഭാ സിനഡ്. ഡിസംബർ 25 വരെ ജനാഭിമുഖ കുർബാന തുടരാൻ അതിരൂപതയിലെ പള്ളികൾക്ക് ഇളവ് നൽകിക്കൊണ്ട് ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ ഇറക്കിയ സർക്കുലർ സിനഡ് അസാധുവാക്കി.
ഓശാന ഞായർ ദിവസം എറണാകുളം ബസിലിക്ക പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ എന്നിവർ സംയുക്തമായി ഏകീകൃത കുർബാന അർപ്പിക്കും. അതിരൂപതയ്ക്ക് കീഴിലുള്ള ഏതെങ്കിലും പള്ളികളിൽ പുതിയ ആരാധനാക്രമം ഏർപ്പെടുത്താൻ അസൗകര്യങ്ങൾ ഉണ്ടെങ്കിൽ ആർച്ച് ബിഷപ്പിനോട് ഇളവ് തേടാവുന്നതാണ്. ഇക്കാര്യത്തിൽ കർദ്ദിനാളിന്റെ അംഗീകാരത്തോടെ സമയപരിധി നിശ്ചയിച്ച് ഇളവ് അനുവദിക്കാമെന്നും സിനഡ് വ്യക്തമാക്കിയിട്ടുണ്ട്. ഓശാന ഞായർ മുതൽ പരിഷ്കരിച്ച കുർബാന രീതിയിലേക്ക് മാറാൻ മാർപാപ്പ അതിരൂപതയ്ക്ക് കത്ത് നൽകിയിരുന്നു.