കോതമംഗലം: കോതമംഗലത്ത് നിയമം നടപ്പാക്കിയ ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര വകുപ്പിൻ്റെ പ്രതികാര നടപടി. പിണ്ടിമനയിൽ പഞ്ചായത്ത് സെക്രട്ടറിയെ തല്ലിയ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത സിഐയെ സ്ഥലംമാറ്റി. കോതമംഗലം സിഐ ബേസിൽ തോമസിനെയാണ് തൃശൂരിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. ഗുണ്ടായിസത്തിനും അക്രമത്തിനും കൂട്ടുനിൽക്കാതെ നടപടിയെടുത്തതിനാണ് സിഐയെ തൃശൂർ ചെറുതുരുത്തിയിലേക്ക് തെറിപ്പിച്ചിരിക്കുന്നത്.
സ്വാധീനങ്ങൾക്കു വഴങ്ങാതെ സിപിഎം പിണ്ടിമന ലോക്കൽ സെക്രട്ടറി അടക്കമുള്ളവർക്കെതിരേയാണ് ബേസിൽ കേസെടുത്തത്. ഇതിൻ്റെ പ്രതികാരമായിട്ടാണ് ഇപ്പോൾ പാർട്ടിനേതൃത്വം ഇടപെട്ട് ബേസിൽ തോമസിനെ സ്ഥലംമാറ്റിയിരിക്കുന്നത്. സംസ്ഥാനത്ത് ദിനംപ്രത്രി അക്രമങ്ങളും കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും അരങ്ങേറുമ്പോൾ ഉറക്കം നടിക്കുന്ന ആഭ്യന്തരവകുപ്പ് മുഖം നോക്കാതെ നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടികൾക്കായി മാത്രമാണ് ഉണരുന്നതെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്നുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയാണ് അധികാരികളിൽനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ്ഉയർന്നിരിക്കുന്ന ആരോപണം.