ന്യൂഡൽഹി: സെൻട്രൽ സെക്രട്ടേറിയറ്റിൽ ആഭ്യന്തര മന്ത്രാലയം ഉൾപ്പെട്ട നോർത്ത് ബ്ലോക്കിന് നേരെ ബോംബ് ഭീഷണി. ആഭ്യന്തര മന്ത്രാലയിലെ ഉന്നത ഉദ്യോഗസ്ഥന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഡൽഹിയിലെ കൺട്രോൾ റൂമിലേക്കാണ് സന്ദേശങ്ങൾ എത്തിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി ഡൽഹിയിലെ 150ഓളം സ്‌കൂളുകൾക്കും വിമാനത്താവളത്തിനും നേരെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. എല്ലാ ഭീഷണി സന്ദേശങ്ങളും ലഭിച്ചത് ഇ-മെയിൽ വഴിയാണ്.
ഹംഗറിയിലെ ബുഡാപെസ്റ്റിൽനിന്നാണ് സന്ദേശങ്ങൾ എത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടുതൽ അന്വേഷണങ്ങൾക്കായി ഹംഗറി സർക്കാറുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.