ടെഗുസിഗാൽപ : മധ്യഅമേരിക്കൻ രാജ്യമായ ഹോൺഡുറസിന്റെ ആദ്യ വനിതാപ്രസിഡന്റായി ഇടതുസഹയാത്രിക സിയോമാര കാസ്ട്രോ വ്യാഴാഴ്ച ചുമതലയേറ്റു. മുൻപ്രസിഡന്റ് മാനുവൽ സെലായയുടെ ഭാര്യയാണ്. രാജ്യത്തെ കുറ്റകൃത്യങ്ങളിൽനിന്നും ദാരിദ്ര്യത്തിൽനിന്നും കരകയറ്റുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് അവരെ കാത്തിരിക്കുന്നത്. ഹോൺഡുറസിനെ സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക് രാജ്യമാക്കുമെന്നാണ് അവരുടെ വാഗ്ദാനം. ജഡ്ജി കർല റൊമേരോയ്ക്കുമുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സ്പെയിൻ രാജാവ് ഫെലിപ് ആറാമൻ, തയ്വാൻ വൈസ് പ്രസിഡന്റ് വില്യം ലായ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മകൻ ഹെക്റ്റർ സെലായയെ പ്രൈവറ്റ് സെക്രട്ടറിയായും ഭർത്താവിന്റെ മരുമകൻ ജോസ് മാനുവൽ സെലായയെ പ്രതിരോധമന്ത്രിയായും സിയോമാര നിയമിച്ചിട്ടുണ്ട്. ബന്ധുക്കളെ നിയമിക്കുന്നതിനെതിരേ രാജ്യത്ത് നിയമമൊന്നുമില്ല. അതേസമയം സ്വന്തം പാർട്ടിയായ ലിബർ പാർട്ടിയിലെ വലിയൊരുവിഭാഗത്തിന് സിയോമാരയുടെ നേതൃത്വത്തിൽ എതിർപ്പുണ്ട്.