തഞ്ചാവൂര്‍: തമിഴ്നാട് തഞ്ചാവൂര്‍ ദുരഭിമാനക്കൊലയിൽ പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. അച്ഛനും അമ്മയും അടക്കം 6 പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ നിർബന്ധിച്ച് വീട്ടുകാർക്കൊപ്പം പറഞ്ഞുവിട്ട പല്ലടം എസ് മുരുഗയ്യയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. മകൾ ഐശ്വര്യക്ക് ദളിത് യുവാവ് നവീനോട് പ്രണയമെന്ന് അറിഞ്ഞ നാൾ മുതൽ അമ്മ റോജയും എതിര്‍പ്പറിയിച്ചിരുന്നു. മകളെ കൊലപ്പെടുത്താനുളള ഭര്‍ത്താവ് പെരുമാളിന്‍റെ ആലോചനകൾക്ക് കൂട്ടായി നിന്ന അമ്മ, മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം കത്തിക്കുമ്പോഴും ഒപ്പമുണ്ടായിരുന്നു. അതിക്രൂരമായ രീതിയിലെ കൊലപാതകം ജാതിവെറിയുടെ പേരിലായിരുന്നുവെന്ന് മാത്രം.
സഹപാഠികളായിരുന്ന ഐശ്വരിയും തഞ്ചാവൂർ സ്വദേശിയായ ബി. നവീനും ഏറെ നാളായി പ്രണയത്തിലായിരുന്നു. പുതുവര്‍ഷത്തലേന്നാണ് ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ഐശ്വരിയുടെ വീട്ടുകാർ എന്നാൽ, ഈ വിവാഹത്തിന് സമ്മതിച്ചില്ല. പുതുവര്‍ഷത്തലേന്നാണ് 19കാരിയായ ഐശ്വര്യയും നവീനും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ വിവാഹിതരായത്. മകളെ കാണാനില്ലെന്ന പെരുമാളിന്‍റെ പരാതിയിൽ ഐശ്വര്യയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് വീട്ടുകാര്‍ക്കൊപ്പം നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു.
ദുരഭിമാനക്കൊലയുടെ ഗൂഢാലോചനയിൽ പങ്കാളിയായ റോജയ്ക്കെതിരെ തെളിവ് നശിപ്പിക്കാൻ ശ്രമം അടക്കം കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അഞ്ച് ദിവസത്തിന് ശേഷമാണ് ഐശ്വര്യയെ കൊന്ന് കത്തിച്ച വിവരം പുറംലോകം അറിഞ്ഞത്. അച്ഛൻ പെരുമാളിനെയും 4 ബന്ധുക്കളെയും കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ 6 പ്രതികളെയും 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.