കോന്നി: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രതിരോധ സാമഗ്രികൾ ഇല്ലാതെ കോന്നി മെഡിക്കല്‍ കോളജ്. അവശ്യംവേണ്ട മാസ്കും ഗ്ലൗസും ഇല്ല. ഇതുമൂലം ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും വലിയ പ്രതിസന്ധിയിലാണ്. കോടികൾ മുടക്കി ആവശ്യമായ ഉപകരണങ്ങൾ എത്തുന്നുണ്ടെങ്കിലും മാസ്കും ഗ്ലൗസും വാങ്ങാൻ അധികൃതർ തയാറാകുന്നില്ല. ഇത് രോഗികളെയും വലക്കുന്നു. കോന്നി നിയോജകമണ്ഡലത്തിന്‍റെ പ്രധാന ആരോഗ്യകേന്ദ്രമായ കോന്നി മെഡിക്കല്‍ കോളജില്‍ നിരവധി ആളുകളാണ് ദിവസേനെ എത്തുന്നത്.
രോഗികള്‍ മാസ്കും ഗ്ലൗസും ആവശ്യപ്പെടുമ്പോള്‍ ഇവ രണ്ടും ഇല്ലെന്നും പുറത്തുനിന്ന് വാങ്ങി ഉപയോഗിക്കാനുമാണ് മറുപടി. വിവിധ രോഗങ്ങൾ ബാധിച്ചവര്‍ മെഡിക്കല്‍ കോളജിൽ എത്തുന്നുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷക്ക് അത്യാവശ്യം വേണ്ടവ സ്റ്റോക്കില്ലെന്നും പുറത്തുനിന്ന് വാങ്ങണമെന്നുമാണ് അധികൃതര്‍ പറയുന്നത്. മാസ്കും ഗ്ലൗസും വാങ്ങണമെങ്കില്‍ മെഡിക്കല്‍ കോളജില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ എത്തണം. ആംബുലന്‍സുകളില്‍ എത്തിക്കുന്ന രോഗിയെ പരിചരിക്കാന്‍ പോലും ഇവരണ്ടും ഇല്ലാത്ത അവസ്ഥയാണുള്ളത്. വിഷയത്തില്‍ പ്രതിഷേധം ശക്തമാണ്.