ന്യൂഡല്‍ഹി : വാക്‌സീനുകളുടെ ഷെല്‍ഫ്ലൈഫ് (കാലാവധി തീരാനുള്ള സമയപരിധി) അടിക്കടി മാറ്റുന്നതിനെ ചൊല്ലി ആശയക്കുഴപ്പം. സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന വാക്‌സീനുകള്‍ നിശ്ചിത കാലാവധി പിന്നിടുന്നതോടെ തിരിച്ചെടുത്ത്, പുതുക്കിയ ലേബലുമായി എത്തുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംശയം പ്രകടിപ്പിച്ചു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തി. കാലാവധി കഴിഞ്ഞ ഒരു വാക്‌സീനും ഇന്ത്യയില്‍ കുത്തിവച്ചിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ കാലാവധി വര്‍ധിപ്പിച്ചതാണെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
കോവാക്‌സിന്‍ തുടക്കത്തില്‍ 6 മാസത്തിലധികം ഷെല്‍ഫ്ലൈഫ് എന്നു പ്രഖ്യാപിച്ചാണ് കുത്തിവയ്പു തുടങ്ങിയത്. പിന്നീട് കാലാവധി 9 മാസമാക്കി. ഒക്ടോബറില്‍ 25 മാസമായി വര്‍ധിപ്പിച്ചു. കോവിഷീല്‍ഡിന്റെ കാലാവധിയും 9 മാസമാക്കി ഉയര്‍ത്തി.