തിരുവനന്തപുരം : സംസ്ഥാനത്ത് പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടുപിടിക്കാൻ പരിശോധന കർശനമാക്കിയതോടെ സർക്കാർ ആശുപത്രികളിൽ തിരക്ക്. ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡിനായാണു തൊഴിലാളികൾ കൂട്ടത്തോടെ സർക്കാർ ആശുപത്രിയിൽ എത്തുന്നത്. കടകളിൽ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും ഹെൽത്ത് കാർഡ് എടുത്തിരിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം അംഗീകൃത മെഡിക്കൽ ലാബിൽ നിന്ന് കോളറ, ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് ബി അടക്കമുള്ള രോഗങ്ങൾ ഇല്ലെന്നു തെളിയിക്കുന്ന പരിശോധന നടത്തണം. രക്ത പരിശോധനയ്ക്കൊപ്പം കണ്ണും തൊലിയും പരിശോധിക്കണം. രോഗങ്ങളെ പ്രതിരോധിക്കാനുള്ള വാക്സീനുകൾ എടുത്തെന്ന് ഉറപ്പാക്കണം. ലോക്കൽ പൊലീസിലും തദ്ദേശ സ്ഥാപനങ്ങളിലും ഏതു സ്ഥലത്തുനിന്നാണു വന്നതെന്ന വിവരം അറിയിക്കണം. പരിശോധനാ വിവരങ്ങളുമായി ഡോക്ടറെ കണ്ടാൽ ഹെൽത്ത് കാർഡ് ലഭിക്കും.
ആധാർ വിവരങ്ങളും ഫോൺ നമ്പരും കടയുടെ പേരും കട ഉടമയുടെ പേരും കാർഡിൽ രേഖപ്പെടുത്തും. ഒരു വർഷം വരെയാണ് ഹെൽത്ത് കാർഡിന്റെ കാലാവധി. ജീവനക്കാരനു ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ 2000 രൂപ മുതൽ 10000 രൂപ വരെയാണു പിഴ നൽകേണ്ടത്. നടപടിയെടുക്കേണ്ടതു ഭക്ഷ്യസുരക്ഷാ വകുപ്പാണ്. സർക്കാർ ആശുപത്രികൾക്കു പുറമേ സ്വകാര്യ ആശുപത്രികളിൽ നിന്നും നിബന്ധനകൾക്കു വിധേയമായി ആരോഗ്യപരിശോധന നടത്താം.
തൊഴിൽ വകുപ്പ് ആരോഗ്യവകുപ്പുമായി ചേർന്നു തൊഴിലാളി ക്യാംപുകളിലും നിശ്ചിത ഇടവേളകളിൽ പരിശോധന നടത്താറുണ്ട്. കടകളിൽ പരിശോധന ശക്തമാക്കിയതോടെ ആരോഗ്യ പരിശോധനയ്ക്കു തയാറാകുന്ന തൊഴിലാളികളുടെ എണ്ണവും വർധിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തൊഴിലാളികൾക്കു ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന കാര്യം വാർത്തകളിലൂടെയാണ് പലരും അറിഞ്ഞത്. മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളും ഹെൽത്ത് കാർഡിനായ് എത്തുന്നുണ്ട്.