കൊച്ചി : പോക്സോ കേസിലെ ഒന്നാം പ്രതിയും ഫോർട്ടുകൊച്ചി നമ്പർ18 ഹോട്ടൽ ഉടമയുമായ റോയ് വയലാറ്റും രണ്ടാം പ്രതി സൈജു എം.തങ്കച്ചനും ഒളിവിൽ. റോയ് വയലാറ്റ് വിദേശത്തേക്ക് കടന്നിരിക്കാമെന്നാണ് സൂചന. സൈജു തങ്കച്ചൻ കഴിഞ്ഞയാഴ്ച കൊച്ചിയിലെ വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ജാമ്യം നിഷേധിച്ചതോടെ ഇയാളും ഒളിവിൽ പോയെന്നാണ് സൂചന.
ഇരുവർക്കും സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ കേസിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റീമദേവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 2021 ഒക്ടോബറിൽ താനും മകളും അഞ്ജലിക്കൊപ്പം നമ്പർ 18 ഹോട്ടലിൽ എത്തിയെന്നും ഇവിടെ വച്ച് റോയ് വയലാറ്റ് തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും ഉപദ്രവിച്ചെന്നുമുള്ള കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്.