കൊളംബോ: പ്രധാന ട്രാൻസ്മിഷൻ ലൈനുകളിലൊന്നിലെ സിസ്റ്റം തകരാറിനെത്തുടർന്ന് ശനിയാഴ്ച ശ്രീലങ്കയിൽ മണിക്കൂറുകളോളം ദ്വീപ് വ്യാപകമായ വൈദ്യുതി തടസ്സം അനുഭവപ്പെട്ടതായി രാജ്യത്തിന്റെ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച വൈകീട്ട് തുടങ്ങിയ വൈദ്യുതി മുടക്കം മണിക്കൂറുകളോളം തുടർന്നു. ഘട്ടം ഘട്ടമായുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും വൈദ്യുതി വിതരണം പൂർണ്ണമായും പുനഃസ്ഥാപിക്കാൻ കുറച്ച് മണിക്കൂറുകൾ എടുത്തേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
വൈദ്യുതി ഉൽപാദനത്തിനായി ശ്രീലങ്ക പ്രധാനമായും ആശ്രയിക്കുന്ന ജലവൈദ്യുതി പദ്ധതികളെയാണ്. പക്ഷേ, വേനൽ കടുക്കുമ്പോൾ വൈദ്യുതി ഉൽപാദനത്തിനായി കൂടുതൽ താപവൈദ്യുതി ഉപയോഗിക്കാൻ രാജ്യം നിർബന്ധിതരാകുന്ന അവസ്ഥയാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നതിനാൽ ശ്രീലങ്കയിൽ കഴിഞ്ഞ വർഷം ഏതാനും മാസങ്ങളില്‍ സമാന അവസ്ഥയുണ്ടായിരുന്നു. ദിവസവും മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംത്തിരിയുന്ന രാജ്യത്തിന്‍റെ വിദേശ കരുതൽ ശേഖരം കുറഞ്ഞിരുന്നു. ഇതോടെ ആവശ്യത്തിന് എണ്ണയും കൽക്കരിയും ഇറക്കുമതി ചെയ്യുന്നതിനും തടസമുണ്ടായി. വൈദ്യുതി പ്രതിസന്ധി കൂടുതൽ വഷളാവുകയും ചെയ്തു.
2022ലാണ് ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. കടുത്ത ക്ഷാമം നേരിട്ടതോടെ വലിയ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തു. തുടര്‍ന്ന് അന്നത്തെ പ്രസിഡന്റ് ഗോതബായ രാജപക്‌സെയെ പുറത്താക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി.
പുതിയ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയുടെ കീഴിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സാധിച്ചിരുന്നു. എന്നാൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചും പ്രൊഫഷണലുകൾക്കും ബിസിനസുകൾക്കും മേൽ കനത്ത പുതിയ ആദായനികുതി ചുമത്തി വരുമാനം വർധിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങള്‍ പൊതുജനങ്ങളുടെ അതൃപ്തി കൂട്ടി. സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ ശ്രീലങ്ക അന്താരാഷ്ട്ര നാണയ നിധിയുടെ പിന്തുണ തേടുകയും 2.9 ബില്യൺ ഡോളറിന്റെ ബെയ്‌ലൗട്ട് പാക്കേജിന് മാർച്ചിൽ ഐഎംഎഫ് സമ്മതിക്കുകയും ചെയ്തു.