വെള്ളറട : കുന്നത്തുകാൽ ചീരംകോടിനു സമീപം വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരിച്ച യുവതിയുടെ സുഹൃത്തിനെ വെള്ളറട പോലീസ് അറസ്റ്റു ചെയ്തു. കരകുളം നങ്ങ്യാടി പുത്തൻവീട്ടിൽ വിഷ്ണുപ്രസാദാണ് (വിഷ്ണു-26) അറസ്റ്റിലായത്. കോട്ടുകോണം ചീരംകോട് പള്ളിവാതുക്കൽ ഹൗസിൽ ഷെറിൻ ഫിലിപ്പിന്റെ ഭാര്യ ഗോപികയാണ് (26) മരിച്ചത്.
തിങ്കളാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം. കാഷ്യൂ ഫാക്ടറിയിലെ ജീവനക്കാരിയായ ഗോപികയുടെയും കന്നുമാമൂട്ടിലെ വർക്ക്ഷോപ്പിലെ തൊഴിലാളിയായ ഫിലിപ്പിന്റെയും വിവാഹം ഏഴുവർഷം മുമ്പായിരുന്നു. വിഷ്ണുവിനെ ഫോണിലൂടെ അറിയിച്ചശേഷമാണ് ഗോപിക ആത്മഹത്യ ചെയ്തത്. വിഷ്ണു ഉടൻതന്നെ എത്തി ഗോപികയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവർ തമ്മിൽ പിണങ്ങിയപ്പോൾ ബന്ധം ഭർത്താവിനെ അറിയിക്കുമെന്ന് വിഷ്ണു ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് ഗോപിക ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.