വൈക്കം: പുല്ലുചെത്താൻ ചെറുവള്ളത്തിൽ പോകുന്നതിനിടെ വള്ളം മറിഞ്ഞതിനെ തുടർന്ന് മുങ്ങിത്താഴ്ന്ന വീട്ടമ്മയെ ഹൗസ്ബോട്ട് ജീവനക്കാർ കായലിൽ ചാടി സാഹസികമായി രക്ഷപെടുത്തി. വെച്ചൂർ പുത്തൻകായലിലെ ഏറ്റവും ആഴമേറിയ ഭാഗത്ത് വള്ളംമറിഞ്ഞ് അപകടത്തിൽപെട്ട വെച്ചൂർ അച്ചിനകം പുത്തൻചിറയിൽ പരേതനായ കാർത്തികേയന്‍റെ ഭാര്യ ബീനയെയാണ് കുമരകം ലേക് ക്രൂയിസ് എന്ന ഹൗസ്ബോട്ടിലെ ഡ്രൈവർ സുജീഷ്, മറ്റൊരു ജീവനക്കാരനായ മഹേഷ് എന്നിവർ ചേർന്ന് രക്ഷിച്ചത്. ഞായറാഴ്ച രാവിലെ 11നായിരുന്നു സംഭവം.
ഹൗസ് ബോട്ട് കായലിലൂടെ നീങ്ങുമ്പോൾ നൂറുവാരം അകലെ ഒരാൾ മുങ്ങിത്താഴുന്നത് ഹൗസ് ബോട്ടിലുണ്ടായിരുന്ന പുതുപ്പള്ളി സ്വദേശികളായ വിനോദസഞ്ചാരികളാണ് ആദ്യം കണ്ടത്. ഇവർ ബഹളം വെച്ചതോടെ ഹൗസ്ബോട്ട് ഡ്രൈവർ സുജീഷ് ഹൗസ് ബോട്ട് വേഗത്തിൽ അപകടസ്ഥലത്തേക്ക് ഓടിച്ചു. മറ്റൊരു ജീവനക്കാരനെ ബോട്ടിെൻറ നിയന്ത്രണ മേൽപിച്ച് സുജീഷ് ആദ്യം കായലിൽ ചാടി. പിന്നാലെ മഹേഷും രക്ഷാപ്രവർത്തനത്തിനെത്തി. ഏതാനും മിനിറ്റുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്ത്രീയുടെ മുടിയിൽ പിടിത്തം കിട്ടി. ഇരുവരും ചേർന്ന് സ്ത്രീയെ തീരത്തെത്തിച്ചപ്പോഴാണ് തങ്ങൾ രക്ഷപ്പെടുത്തിയത് തന്റെ ചിറ്റയെയാണെന്ന് സുജീഷ് തിരിച്ചറിയുന്നത്. വിമൽ ദാസിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടിലെ സുജിത്, മനു എന്നിവരും സുജീഷിനും മഹേഷിനുമൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കായലിന്റെ മുങ്ങിയ തന്റെ ജീവൻ യുവാക്കളുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് തിരിച്ചുകിട്ടിയതെന്ന് ബീന പറഞ്ഞു.