ന്യൂയോര്‍ക്ക് : ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ യുഎന്‍ രക്ഷാസമിതി യോഗം വിളിക്കണമെന്ന ആവശ്യവുമായി യുഎഇ. വിഷയം സെക്യൂരിറ്റി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യുഎഇ കത്തയച്ചു. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് ഹൂതികള്‍ സാധാരണക്കാരെ ലക്ഷ്യമിടുകയാണെന്ന് യുഎഇ കത്തില്‍ കുറ്റപ്പെടുത്തി. ഹൂതി ആക്രമണങ്ങളെ സമിതി ഒറ്റക്കെട്ടായി അപലപിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പരുക്കേറ്റവര്‍ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടേയെന്നും യുഎന്നിലെ യുഎഇ സ്ഥിരാംഗം ലാന നുസെയ്ബ പ്രതികരിച്ചു. മേഖലയില്‍ ഭീകരത വ്യാപിപ്പിക്കാനുള്ള ഹൂതികളുടെ ശ്രമമാണിത്. ആക്രമണത്തെ യുഎന്‍ രക്ഷാസമിതി ഒരേ ശബ്ദത്തില്‍ അപലപിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
3 പേര്‍ മരിച്ച ഹൂതി ഡ്രോണ്‍ ആക്രമണം അബുദാബിയില്‍ നടന്നതിനു പിന്നാലെ യുഎഇ ഉള്‍പ്പെട്ട സൗദി സഖ്യസേന യെമന്റെ തലസ്ഥാനമായ സനയില്‍ ഉള്‍പ്പെടെ വ്യോമാക്രമണം നടത്തി. 80 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മാരിബ്, അല്‍ ജ്വാഫ് മേഖലകളില്‍ 17 തവണ വ്യോമാക്രമണം നടത്തി.