മംഗളൂരു: മാട്രിമോണിയൽ വെബ്സൈറ്റിൽ ഡോക്ടർ ചമഞ്ഞ് സമ്പന്ന വിഭാഗങ്ങളിലെ 15 യുവതികളെ വിവാഹം ചെയ്ത വിരുതനെ കഴിഞ്ഞ ദിവസമാണ് കുവെമ്പുനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരു ബാണശങ്കരിയിലെ കെ.ബി.മഹേഷ്(35) ആണ് ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഹേമലതയുടെ(45) പരാതിയിൽ അറസ്റ്റിലായത്. വിവാഹാനന്തരം തന്റെ എട്ട് ലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങളും 15 ലക്ഷം രൂപയും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ വർഷം ആഗസ്റ്റ് 22ന് എല്ലു രോഗ വിദഗ്ധനായ ഡോക്ടർ എന്ന് പരിചയപ്പെടുത്തിയാണ് തന്നെ വിവാഹം ചെയ്തതെന്ന് ഹേമലത പറയുന്നു.
മഹേഷിന്‍റെ തട്ടിപ്പ് രീതികളെപ്പറ്റി പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. 10 വർഷത്തിനിടെ 15 വിവാഹമാണ് ഇയാൾ നടത്തിയതെന്ന് പൊലീസ് പറയുന്നു. ശാദി.കോം, ഡോക്ടേർസ്മാട്രിമൊണി.കോം എന്നീ വെബ്സൈറ്റുകളാണ് ഇയാൾ സത്രീകളെ വലവീശാൻ ഉപയോഗിച്ചത്. സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകളും നല്ല ജോലിയുള്ളവരുമൊക്കെയാണ് അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മഹേഷിന്റെ ഇരകൾ എന്ന് പൊലീസ് പറഞ്ഞു.
വിധവകൾ,പല കാരണങ്ങളാൽ വിവാഹം വൈകുന്നവർ, വിവാഹ മോചിതർ തുടങ്ങിയ സമ്പന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഏർപ്പാട് ചെറു പ്രായത്തിൽ തന്നെ മഹേഷ് തുടങ്ങിയിരുന്നുവെന്നും പൊലീസ് പറയുന്നു. മൈസൂരുവിൽ വാടക വീട്ടിൽ ഏതാനും ഭാര്യമാരെയും കുട്ടികളേയും താമസിപ്പിക്കുന്നുണ്ടെന്ന ഇയാളുടെ വെളിപ്പെടുത്തൽ പൊലീസ് അന്വേഷിക്കുകയാണ്.തട്ടിപ്പിനിരയായ യുവതികളിൽ ഹേമലത പരാതി നൽകാൻ സന്നദ്ധമായതോടെയാണ് വിരുതൻ കുടുങ്ങിയത്.
മൈസൂരു ആർ.ടി.നഗർ എസ്.ബി.എം ലേഔട്ടിൽ താമസക്കാരനാണെന്നുമാണ് അവകാശപ്പെട്ടാണ് ഇയാൾ ഹേമലതയുമായി ബന്ധപ്പെട്ടത്. ബംഗളൂരുവിലെ ജ്യൂസ് കടയിൽ പരസ്പരം സംസാരിച്ച് ഫോൺ നമ്പറുകൾ കൈമാറി. ഡിസംബർ 22ന് തന്നെ മൈസൂരുവിലേക്ക് ക്ഷണിച്ച മഹേഷ് ചാമുണ്ഡി കുന്നിൽ കൊണ്ടുപോയി നിശ്ചയം നടത്തി. ഇരുവരും എസ്.ബി.എം ലേ ഔട്ടിലെ വീട്ടിൽ താമസിച്ചു. കഴിഞ്ഞ ജനുവരി 28ന് വിശാഖപട്ടണം ഡോൾഫിൻ ഹൗസിൽ ഇരുവരും വിവാഹിതരായി. മൈസൂരുവിൽ തിരിച്ചെത്തി ഒരു ദിവസം ടൗണിൽ കറങ്ങിയ ശേഷം പുതുതായി തുടങ്ങുന്ന ക്ലിനിക്കിന് വേണ്ടി 70 ലക്ഷം രൂപ വായ്പയെടുക്കാൻ നിർബന്ധിച്ചു. വഴങ്ങാത്തപ്പോൾ ഭീഷണിപ്പെടുത്തി. ഫെബ്രുവരിയിൽ തന്റെ സ്വർണവും പണവും മഹേഷ് മോഷ്ടിച്ചു. ഈ അവസ്ഥയിൽ തന്നെ കാണാൻ വന്ന ദിവ്യ എന്ന യുവതി അവർ മഹേഷിന്റെ ഇരയാണെന്ന് അറിയിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും ഹേമലത പറയുന്നു.
മഹേഷിന്റെ മാതാപിതാക്കളും രണ്ട് സഹോദരന്മാരും ബെംഗളൂരുവിലെ ബനശങ്കരിയിലാണ് താമസിക്കുന്നതെന്നും എന്നാൽ ഇയാൾ ഏഴ് വർഷമായി അവരുമായി അകന്നുകഴിയുകയാണെന്നും കുവെംപുനഗർ സബ് ഇൻസ്പെക്ടർ രാധ .എം.ഡി പറയുന്നു. ഇയാൾക്ക് സ്വന്തമായി വീടില്ല, പക്ഷേ രണ്ട് കാറുകൾ ഉണ്ട്. ഇരകളുടെ പണം കൊണ്ട് ഇയാൾ ഒരു ഹോട്ടലിൽ നിന്ന് അടുത്ത ഹോട്ടലിലേക്ക് താമസം മാറുകയാണ് ചെയ്തിരുന്നത്.
2013ൽ ബംഗളൂരുവിൽ ഇയാൾക്കെതിരെ ഒരു യുവതി പരാതി നൽകിയിരുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. അന്ന് എഫ്ഐആർ ഫയൽ ചെയ്തെങ്കിലും ഒരു തുമ്പും കണ്ടെത്താനാകാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചു.അതിനുശേഷം ഇതുവരെ ഇയാൾക്കെതിരെ മറ്റൊരു പരാതിയും ഉണ്ടായിട്ടില്ലെന്നും ഇപ്പോഴാണ് ഒരാൾ പരാതിയുമായി രംഗത്തെത്തിയതെന്നും പൊലീസ് പറയുന്നു.
3000 മുതൽ 10,000 രൂപ വരെ നൽകി മഹേഷ് തൻറെ വിവാഹച്ചടങ്ങുകളിൽ കുടുംബക്കാരും സുഹൃത്തുക്കളും ആയി അഭിനയിക്കാൻ ആളുകളെ ഏർപ്പാടാക്കിയിരുന്നെന്നും എസ്.ഐ. രാധ പറഞ്ഞു. ‘കൂടുതലും സ്ത്രീകളോടും ഇയാൾ പറയാറുള്ളത് തന്റെ മാതാപിതാക്കൾ മരിച്ചുപോയി എന്നാണ്. കൂടാതെ തന്റെ സഹോദരന്മാരോ ബന്ധുക്കളോ സുഹൃത്തുക്കളോ ആകാൻ ആളുകളെ വാടകയ്ക്ക് എടുത്തിരുന്നു. ഇയാളുടെ ഭാഗത്തുനിന്ന് 5-6 പേർ മാത്രമേ വിവാഹങ്ങളിൽ പങ്കെടുക്കാറുള്ളൂ’ എന്നും പൊലീസ് പറഞ്ഞു.
ഇംഗ്ലീഷിലുള്ള മഹേഷിന്റെ പ്രാവീണ്യമില്ലായ്മ മാട്രിമോണിയൽ സൈറ്റുകളിൽ സംസാരിച്ച നിരവധി സ്ത്രീകളിൽ സംശയം ജനിപ്പിക്കുകയും അവർ ഇയാളുടെ വിവാഹാഭ്യർഥന നിരസിക്കുകയും ചെയ്തതായും പൊലീസ് പറയുന്നു. വിവാഹത്തിന് ശേഷം മഹേഷ് തന്റെ ഭാര്യമാരോടൊപ്പം മൂന്ന് നാല് ദിവസങ്ങൾ മാത്രമാണ് ചെലവഴിച്ചിരുന്നത്. അവർ കൂടുതലും താമസിച്ചിരുന്നത് വളരെ ചെറിയ സൗകര്യങ്ങളുള്ള വാടക വീടുകളിലാണ്. ‘തനിക്ക് വേറെ സ്റ്റേറ്റിൽ സർജറി ഉണ്ടെന്നും കുറച്ചു ദിവസത്തേക്ക് ശല്യപ്പെടുത്തരുതെന്നും പറഞ്ഞാണ് ഭാര്യമാരെ ഉപേക്ഷിച്ചിരുന്നത്. ഒളിവിൽ പോകുന്നതിന് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങൾ കൈക്കലാക്കുകയോ അവരുടെ സ്വത്ത് കൈക്കലാക്കുകയോ ചെയ്തിട്ടുണ്ടെന്ന് മഹേഷ് ഉറപ്പു വരുത്തി. ‘ഏറ്റവും പുതിയ പരാതിക്കാരി ഉൾപ്പെടെ മൂന്ന് സ്ത്രീകളിൽ നിന്ന് ഇയാൾ മൂന്ന് കോടിയിലധികം രൂപ സ്വർണ്ണമോ പണമോ സ്വത്തോ തട്ടിയെടുത്തിട്ടുണ്ട്’-എസ്.ഐ. പറഞ്ഞു.
ഏറ്റവും പുതിയ പരാതിക്കാരി പറയുന്നതനുസരിച്ച്, അവരുടെ വിവാഹത്തിന് മൂന്ന് ദിവസത്തിന് ശേഷം ഒരു ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞ് മഹേഷ് വീട് വിടുകയായിരുന്നു. ‘മൂന്ന് ദിവസത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ഇയാൾ ക്ലിനിക്ക് തുടങ്ങാൻ 10 ലക്ഷം രൂപ കടം ചോദിക്കുകയും പണം തന്നില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം 15 ലക്ഷം രൂപയുമായി അയാൾ വീട്ടിൽ നിന്ന് പോയി’
തന്റെ ഓരോ വിവാഹത്തിനും മഹേഷ് പുതിയ ഫോണും സിമ്മും ഉപയോഗിച്ചിരുന്നുവെന്നും അവ മറ്റൊരു ആവശ്യത്തിനും ഉപയോഗിച്ചിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒളിവിൽ പോയ ശേഷം ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുമായിരുന്നു. വിവാഹമോചിതരും പ്രായമേറിയവരും അവിവാഹിതരുമായതിനാൽ ഭൂരിഭാഗം സ്ത്രീകളും ഒരിക്കലും പരാതിപ്പെടാറില്ലെന്ന് എസ്.ഐ. രാധ പറഞ്ഞു.