തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്‍ നിന്ന് രണ്ടു വയസുകാരിയെ കാണാതായ സഭവത്തില്‍ ദുരൂഹതകള്‍ ബാക്കി. ഇന്നലെ രാത്രി 7.30 ഓടെ കൊച്ചുവേളി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നും കണ്ടെത്തിയെങ്കിലും കുട്ടി ഇവിടെ എങ്ങനെയെത്തി എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. കുട്ടിയുടെ ശരീരത്തില്‍ കാര്യമായ പോറലൊന്നുമില്ലാത്തതിനാല്‍ ആരെങ്കിലും ഉപേക്ഷിച്ചതാവാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചതായി പറയുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ പൊലീസ് തയാറായിട്ടില്ല. പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് നല്‍കുന്ന വിവരം.
അതേസമയം, വിശദ വിവരങ്ങള്‍ക്ക് ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസ് നീക്കം. സംഭവം നടന്ന ചാക്ക – ഓള്‍ സെയിൻ്റ്സ് ഭാഗത്തെ സി.സി.ടി.വികള്‍ പരിശോധിക്കുന്നത് തുടരും. കുഞ്ഞിെന്റെ സഹോദരന്റെ മൊഴിയില്‍ പറഞ്ഞ മഞ്ഞ സ്കൂട്ടറിനെ കുറിച്ചും അന്വേഷണം തുടരാനാണ് പൊലീസ് തീരുമാനം.
രാവിലെ മുതൽ ഭക്ഷണവും വെള്ളവും കൊടുക്കാത്തതിനാൽ വൈകിട്ട് എസ്എടി ആശുപത്രിയിൽ വച്ച് കുട്ടിക്ക് ഭക്ഷണവും വെള്ളവും കൊടുത്തെങ്കിലും കുഞ്ഞ് ഛര്‍ദ്ദിച്ചിരുന്നു. തുടർന്ന് കുഞ്ഞിന് ഡ്രിപ് ഇട്ടു. ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിര്‍ജ്ജലീകരണം കുട്ടിക്ക് ഉണ്ടായിട്ടുണ്ട്. കുഞ്ഞ് ഭയന്നിട്ടുണ്ട്. കൂടുതൽ സംസാരിക്കാത്ത സ്ഥിതിയുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും കുട്ടിയുടെ മാനസിക ആരോഗ്യവും വീണ്ടെടുക്കേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. പീഡിയാട്രിക് ഗൈനക്കോളജി, പീഡിയാട്രിക് മെഡിസിൻ, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധര്‍ കുഞ്ഞിനെ പരിശോധിച്ചു.
ആഹാരം കഴിക്കാത്ത പ്രശനങ്ങൾ മാത്രമാണ് കുഞ്ഞിനുള്ളതെന്ന് കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച മന്ത്രി വീണ ജോര്‍ജ്ജും പറഞ്ഞു. കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കും. കുട്ടിയുടെയും സഹോദരങ്ങളുടെയും സംരക്ഷണം സംബന്ധിച്ച് ആശയ വിനിമയം നടത്തും. മികച്ച നിലയിൽ അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തിയ കേരളാ പൊലീസിനെ അഭിനന്ദിക്കുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.