ഇടുക്കി : കേരളത്തിലെ ജനവാസ മേഖല കുറച്ച് വനവിസ്തൃതി കൂട്ടുവാന്‍ ഗൂഡനീക്കം. ആഗോള താപനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന കാര്‍ബണ്‍ ഫണ്ട് ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഗൂഡനീക്കം നടക്കുന്നത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചില പരിസ്ഥിതി സംഘടനകളാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ മുഖംമൂടി അണിഞ്ഞ പരിസ്ഥിതി തീവ്രവാദികളാണ് ഇവര്‍. പരിസ്ഥിതി സ്നേഹം കാണിച്ചുകൊണ്ട് ജനങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി കേസുകള്‍ നല്‍കി ജനവാസ മേഖലയില്‍ നിന്നും കര്‍ഷകരെ കുടിയൊഴിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇതിലൂടെ വന വിസ്തൃതി കൂട്ടുകയും ഇതിന്റെ പേരില്‍ കാര്‍ബണ്‍ ഫണ്ടില്‍ നിന്നും ലഭിക്കുന്ന കോടികള്‍ കൈക്കലാക്കുകയുമാണ് ഇവരുടെ ഉദ്ദേശ്യം.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ കേരളത്തിലുണ്ട്. ഇതില്‍ പരിസ്ഥിതി തീവ്രവാദികളായ ചിലര്‍ തുടര്‍ച്ചയായി കേസുകള്‍ നല്‍കി കര്‍ഷകരെയും ടൂറിസം വ്യവസായ രംഗത്ത് പണം നിക്ഷേപിച്ചവരെയും ഭീഷണിപ്പെടുത്തി പണം പിടുങ്ങാന്‍ ശ്രമിക്കുന്നതായും ആരോപണമുയരുന്നുണ്ട്. ഇത്തരം സംഘടനകളുടെ പിന്നില്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ രംഗത്തെ വമ്പന്‍ സ്രാവുകളാണെന്നും സൂചനയുണ്ട്. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് കോടതികള്‍ പോലും നീതി നിഷേധിക്കുന്നു. വന വിസ്തൃതി ആവശ്യത്തിലധികമുള്ള കേരളത്തില്‍ വീണ്ടും വനവിസ്തൃതി കൂട്ടുവാന്‍ പലരും ആവേശം കാണിക്കുന്നതിന്റെ പിന്നില്‍ കാര്‍ബണ്‍ ഫണ്ടില്‍ നിന്നും ലഭിക്കുന്ന കോടികളാണ്.
കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി ഭീതിപടര്‍ത്തുമ്പോഴും കൃഷികള്‍ നശിപ്പിക്കുമ്പോഴും കര്‍ഷകരെ പച്ചക്ക് തിന്നു വിശപ്പടക്കുമ്പോഴും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലരും ഇവിടെ നിശബ്ദരായി നിലകൊള്ളൂന്നതിന്റെ പിന്നിലും സാധാരണ ജനങ്ങള്‍ അറിയാത്ത പല രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍പോലും തയ്യാറാകുന്നില്ല എന്നുപറയുമ്പോള്‍ ഇരുട്ടത്ത് നിന്നുകൊണ്ട് സാധാരണ ജനങ്ങളെ സേവിക്കുന്നവര്‍ എത്ര പ്രബലന്മാരും ശക്തരുമാണെന്ന് ഓര്‍ക്കുക.
സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയെ ഘട്ടം ഘട്ടമായി വനമേഖലയാക്കുവാന്‍ വലിയൊരു നീക്കം നടക്കുന്നതായി സംശയിക്കുന്നു. ഇതിന്റെ ഭാഗമായി കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ പട്ടയങ്ങള്‍ പലകാരണങ്ങള്‍ പറഞ്ഞ് റദ്ദു ചെയ്യപ്പെട്ടേക്കാം. കൃഷി ചെയ്യുവാനും വീട് വെക്കുവാനും നല്‍കിയ ഭൂമി മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക, ഭൂമി കൃഷി ചെയ്യാതെ തരിശായി ഇടുക തുടങ്ങിയ എന്തെങ്കിലും കാരണങ്ങള്‍ കണ്ടുപിടിച്ച് പട്ടയം റദ്ദ് ചെയ്ത് കര്‍ഷകനെ അവന്റെ ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കാം. കപട പരിസ്ഥിതി വാദികളുടെ പ്രേരണയാലാണ് ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ സര്‍വവും നഷ്ടപ്പെട്ട് തെരുവില്‍ ഇറങ്ങേണ്ടി വരിക.
കര്‍ഷകരെ സഹായിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെ ആരുംതന്നെ മുന്നോട്ടു വന്നിട്ടില്ല എന്നതും സംശയത്തോടെ കാണേണ്ടിയിരിക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍പോലും ജനങ്ങളുടെ ഭാഗം കേള്‍ക്കുവാനോ അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുവാനോ തയ്യാറാകുന്നില്ല. ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ഇപ്പോള്‍ പ്രശ്നബാധിതമാണ്. മൂന്നാര്‍, ഉപ്പുതറ, കാഞ്ചിയാര്‍ കോവില്‍മല, വാഗമണ്‍, മാങ്കുളം, അടിമാലി, ചിന്നക്കനാല്‍ എന്നീ പ്രദേശങ്ങള്‍ കഴിഞ്ഞ് ഇപ്പോള്‍ പീരുമേട് എത്തിനില്‍ക്കുന്നു കാര്യങ്ങള്‍.
 
			












 
                

