കുട്ടികൾക്ക് ആരോഗ്യത്തിന് പോഷകഗുണമുള്ള ഭക്ഷണങ്ങൾ തന്നെ കൊടുക്കാൻ നാം ശ്രമിക്കണം. ദിവസവും കുട്ടികൾക്ക് ഓരോ മുട്ട വീതം നൽകണമെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം, ഇതിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.
കണ്ണുകളുടെ സംരക്ഷണത്തിന് മുട്ട മികച്ചൊരു ഭക്ഷണമാണ്. മുട്ടയിൽ ധാരാളം ഒമേഗ –3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. മുട്ടയ്ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തിൽ നാരുകൾ ധാരാളം അടങ്ങിയ പച്ചക്കറികൾ, പഴവർഗങ്ങൾ ഉൾപ്പെടുത്തുക.
ദിവസവും ഒരു മുട്ട കഴിക്കുന്നതിലൂടെ വളർച്ചാ മുരടിപ്പ് 47 ശതമാനവും തൂക്കക്കുറവ് 70 ശതമാനവും തടയാൻ സാധിക്കുമെന്ന് പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ‘ കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്കും വികാസത്തിനുമുള്ള പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണ് മുട്ട…’ സെന്റ് ലൂയിസിലെ വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകൻ ലോറ ലാനോറ്റി പറഞ്ഞു. മുട്ട എപ്പോഴും പുഴുങ്ങിയോ, ബുൾസ് ഐ ആക്കിയോ കഴിക്കുകയാണ് നല്ലത്. മുട്ട പുഴുങ്ങിയെടുത്താലും ബുൾസ് ഐ ആക്കിയാലും അത് അത്യാവശ്യം നന്നായി വേവിച്ചെടുക്കുക. അല്ലെങ്കിൽ മുട്ടയിലുള്ള സാൽമൊണെല്ല എന്ന ബാക്ടീരിയ ശരീരത്തിന് ദോഷകരമാണ്. ഏതു രീതിയിൽ എടുത്താലും മുട്ട പാകം ചെയ്യുമ്പോൾ അത് വേവിച്ചു കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. പ്രാതലിനൊപ്പം കുട്ടികൾക്ക് മുട്ട നൽകുന്നത് നല്ലതാണ്. കാരണം ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ് പ്രാതലെന്നു പറയാം. ഈ ഭക്ഷണത്തിൽ ആരോഗ്യ ഗുണങ്ങൾ ഒത്തിണങ്ങിയ മുട്ട കൂടി ഉൾപ്പെടുത്തുന്നത് കുട്ടികൾക്ക് ഏറെ ഗുണം നൽകും. മുട്ട ഒരു പ്രോട്ടീൻ ഭക്ഷണം എന്ന ഗണത്തിൽ പെടുത്താവുന്ന ഒന്നാണ്. ഒരു മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്നതാണ് കണക്ക്.