മലയാള സിനിമാസ്വാദകർ കാത്തിരുന്ന മഞ്ജു വാര്യർ ചിത്രം ‘ലളിതം സുന്ദരം’ പ്രേക്ഷകർക്ക് മുന്നിലെത്തി. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു റിലീസ്. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ് മൂവി എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
“മധു വാര്യരുടെ മികച്ച സംവിധാന അരങ്ങേറ്റം, കണ്ടിരിക്കേണ്ട ഒരു ഫാമിലി ഡ്രാമ, സിനിമ കണ്ടു. ഈ സിനിമയുടെ പേര് തന്നെയാണ് ഈ സിനിമയെ കുറിച്ച് എനിക്ക് പറയാനുള്ളത്.. ലളിതം സുന്ദരം, ഫാമിലി പ്രേക്ഷകർ ഇഷ്ടപെടും. പല ഫീൽ ഗുഡ് ഫാമിലി സിനിമകളുടെ മിശ്രിതമാണ് ചിത്രം. ഒന്നാം പകുതി നന്നായിട്ടുണ്ട്, നല്ല കാസ്റ്റിംഗും സംഗീതവും, ഒരു ക്യൂട്ട് ഫാമിലി ഡ്രാമ ഫിലിം”, എന്നിങ്ങനെ പോകുന്നു പ്രേക്ഷകരുടെ പ്രതികരണം.
സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.