മുടി കളർ ചെയ്യാൻ ഇഷ്ടമുള്ളവർ ഒത്തിരി ഉണ്ടാവും. എന്നാൽ കെമിക്കലുകൾ ഉപയോഗിക്കേണ്ട കാര്യമോർക്കുമ്പോൾ പലരും അത് വേണ്ടെന്ന് വെക്കും. എന്നാൽ ഇനി കെമിക്കലല്ലേ എന്നു കരുതി മുടി കളർ ചെയ്യാതിരിക്കേണ്ട, വീട്ടിൽ ഉള്ള സാധനങ്ങൾ വച്ച് നിങ്ങൾക്ക് സ്വയം തന്നെ മുടി കളർ ചെയ്യാം. ഇതാ ചില പോംവഴികൾ.
ബീറ്റ്‌റൂട്ട് ഡൈ
പർപ്പിൾ- ബർഗണ്ടി ലുക്കാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ബീറ്റ്‌റൂട്ട് തന്നെ പരിഹാരം. ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി മുറിച്ച് 1 ടീസ്പൂൺ തേനും 1 ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് നന്നായി അരച്ച് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം 60 മിനുട്ട് തലയിൽ തേച്ചു പിടിപ്പിക്കുക. ഇനി വീര്യം കുറഞ്ഞ കണ്ടീഷണർ ഉപയോഗിച്ച് കഴുകിക്കളയാം. നല്ല പർപ്പിൾ നിറത്തിലുള്ള സിൽക്ക് മുടി ഇതുവഴി നിങ്ങളെ തേടിയെത്തും.
കറുവപ്പട്ട ഡൈ
ചുവന്ന-തവിട്ട് നിറമുള്ള മുടിക്ക്, ½ കപ്പ് കറുവപ്പട്ടയും ½ കപ്പ് കണ്ടീഷണറും കൂടി മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു മാസ്‌കായി പുരട്ടി 45-60 മിനിറ്റ് മുടിയിൽ തടവുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. കറുവപ്പട്ട തലയോട്ടിക്ക് ഈർപ്പം നൽകുകയും മുടിക്ക് സ്വാഭാവിക തിളക്കം നൽകുകയും ചുവപ്പ് കലർന്ന തവിട്ട് നിറം നൽകുകയും ചെയ്യുന്നു.