കുട്ടികളെ നോക്കുകയെന്നത് ഒട്ടും നിസാരമായ ജോലിയല്ല. അതിന് ശാരീരികവും മാനസികവുമായ അധ്വാനം ഒരേസമയം ആവശ്യമാണ്. ചിലരില്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ വരെ കുട്ടികളെ പതിവായി കൈകാര്യം ചെയ്യുന്നതിന്‍റെ ഭാഗമായി ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് വാശിയുള്ള കുട്ടികളാണെങ്കിലാണ് അവരെ കൈകാര്യം ചെയ്യാൻ ഏറെ പ്രയാസം തോന്നുക.
ഇത്തരത്തില്‍ അല്‍പം വാശിയും കുറുമ്പുമുള്ള കുട്ടികളെ മെരുക്കിയെടുക്കുന്നതിന് മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
നിങ്ങള്‍ക്ക് കുട്ടികളോട് എത്ര സ്നേഹമുണ്ടെങ്കിലും അവര്‍ നല്ലരീതിയില്‍ വളര്‍ന്നുവരണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രാഥമികമായ ഒരു നിയമാവലി അവരുടെ ചുറ്റുപാടുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഉണ്ടാക്കിയെടുക്കണം. ഇത് കുട്ടികളെ അച്ചടക്കമുള്ളവരായി ഉയര്‍ത്തിക്കൊണ്ടുവരാൻ സഹായിക്കും.
രണ്ട്…
എല്ലാ കാര്യങ്ങള്‍ക്കും ‘യെസ്’ പറഞ്ഞ് കുട്ടികളെ ശീലിപ്പിക്കരുത്. ഈ ശീലം കുട്ടികളുടെ സ്വഭാവം കൂടുതല്‍ മോശമാകുന്നതിനേ സഹായിക്കൂ.
മൂന്ന്…
എല്ലാം അംഗീകരിച്ചുകൊടുക്കരുത് എന്ന് പറയുമ്പോള്‍ എല്ലാം തള്ളിക്കളയുന്ന സമീപനവും പാടില്ല. ഇതും കുട്ടികളെ മോശമായ രീതിയില്‍ തന്നെയാണ് ബാധിക്കുക. അവര്‍ പറയുന്ന എല്ലാത്തിനോടും ‘നോ’ പറയുകയോ, നിരസിക്കുകയോ എതിര്‍ക്കുകയോ ചെയ്യുമ്പോള്‍ നിങ്ങളിലുള്ള വിശ്വാസവും പ്രതീക്ഷയും തന്നെ അവര്‍ക്ക് നഷ്ടപ്പെടാം.
നാല്…
ഏത് കാര്യത്തിനും കുട്ടികളുമായി വാദപ്രതിവാദങ്ങളോ വഴക്കോ ഉണ്ടാക്കരുത്. തെരഞ്ഞെടുത്ത വിഷയങ്ങളില്‍ മാത്രം പ്രശ്നങ്ങളുണ്ടാക്കുക. അല്ലാത്തപക്ഷം എന്ത് പറഞ്ഞാലും വഴക്കാണ് എന്നൊരു കാഴ്ചപ്പാട് നിങ്ങളെക്കുറിച്ച് കുട്ടിയുണ്ടാക്കും. അവര്‍ക്ക് പഠിക്കാനും മനസിലാക്കാനും എന്തെങ്കിലുമുണ്ട്- അല്ലെങ്കില്‍ അവര്‍ക്ക് ഉപകാരപ്പെടാൻ എന്തെങ്കിലുമുണ്ട് എന്ന് തോന്നുന്ന വിഷയങ്ങള്‍ തെരഞ്ഞെടുത്ത് അതില്‍ വാദിക്കുകയോ വഴക്കിടുകയോ നിര്‍ബന്ധം പിടിക്കുകയോ ചെയ്യാം.
അഞ്ച്…
എന്തെല്ലാം കാര്യങ്ങളാണ് കുട്ടിയെ ദേഷ്യം പിടിപ്പിക്കുന്നത് എന്നത് മനസിലാക്കിവയ്ക്കുക. ഇക്കാര്യങ്ങള്‍ പരമാവധി ഒഴിവാക്കാം. എന്നാല്‍ അത് കുട്ടിയെ മോശമായി ബാധിക്കുന്നത് പോലെ കുട്ടിക്ക് അനുകൂലമാവുകയും അരുത്.
ആറ്…
കുട്ടികള്‍ തെറ്റ് ചെയ്യുമ്പോഴോ അവര്‍ക്ക് അബദ്ധം പറ്റുമ്പോഴോ അവരെ ശിക്ഷിച്ചുകൊണ്ടായിരിക്കരുത് നേര്‍വഴിക്ക് നയിക്കേണ്ടത്. ശിക്ഷ കൊണ്ട് ഒരിക്കലും കുട്ടികളെ നന്നാക്കാമെന്ന് ചിന്തിക്കരുത്. മിക്ക കുട്ടികളിലും ഇത് മോശമായ മാനസികാരോഗ്യത്തിലേക്ക് നയിക്കുന്ന അനുഭവമാകാറാണ് പതിവ്.
ഏഴ്…
കുട്ടികളെ നല്ലരീതിയില്‍ സംസാരിച്ച് ശീലിപ്പിക്കേണ്ടതുണ്ട്. അവര്‍ക്ക് അവരുടെ ചിന്തകള്‍, പ്രശ്നങ്ങള്‍, വിയോജിപ്പുകള്‍ എല്ലാം നിങ്ങളോട് വ്യക്തമായി തുറന്നുപങ്കുവയ്ക്കാൻ സാധിക്കണം. ഇതിന് ചെറുപ്പം തൊട്ട് തന്നെ കുട്ടികള്‍ക്ക് പരിശീലനം നല്‍കണം.
എട്ട്…
വാശിയുള്ള കുട്ടികള്‍ക്ക് എപ്പോഴും ‘ഓപ്ഷൻസ്’ നല്‍കുക. ഇത് അവരെ പരിമിതപ്പെടുത്തുന്നു എന്ന തോന്നല്‍ ഒഴിവാക്കാൻ സഹായിക്കും. ഒരുറച്ച ‘നോ’യെക്കാളും കുട്ടികള്‍ക്ക് പലപ്പോഴും ‘ഓപ്ഷൻസ്’ നല്‍കുന്നതാണ് ഉചിതം. ഇത് ചിന്തിച്ച് ചെയ്യുക.
ഒമ്പത്…
കുട്ടികള്‍ വാശി പിടിച്ച് കരയുമ്പോഴോ വഴക്കുണ്ടാക്കുമ്പോഴോ കഴിയുന്നതും അവരോട് ശാന്തമായി പെരുമാറുക. തിരിച്ച് നിങ്ങളും അവരോട് ശബ്ദമുയര്‍ത്തുകയോ മോശം വാക്കുകള്‍ പറയുകയോ ചെയ്യുന്നത് അവരുടെ വ്യക്തിത്വത്തെ തീര്‍ച്ചയായും ദോഷകരമായി ബാധിക്കും.
പത്ത്…
നിങ്ങള്‍ തന്നെയാണ് കുട്ടികള്‍ക്കുള്ള മികച്ച മാതൃക. നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നത് കുട്ടികളെ വലിയൊരു പരിധി വരെ സ്വാധീനിക്കും. അതിനാല്‍ കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന് ചിന്തിക്കുന്നതിനൊപ്പം തന്നെ അവര്‍ക്ക് നല്ലൊരു മാതൃകയാകാനും ശ്രമിക്കുക.