നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് നാം വീടുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഉലുവ. ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി, ഫൈബര്‍ എന്നിവയൊക്കെ അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം പതിവായി കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കും. രാവിലെ വെറും വയറ്റില്‍ ഉലുവ കുതിർത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. ഉലുവയിൽ ഫ്ലേവനോയ്‍ഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
അതുപോലെ തലമുടി കൊഴിച്ചില്‍ അകറ്റാനും തലമുടിയുടെ വളർച്ചയ്ക്കും ഉലുവ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. താരനെ തടയാനും തലമുടി വളരാനും ഉലുവ മികച്ചതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. ഇതിനായി ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി കുതിരാൻ അനുവദിക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ശിരോചർമ്മത്തിൽ പുരട്ടാം. 45 മിനിറ്റിന് ശേഷം തലമുടി കഴുകാം. താരനും മുടികൊഴിച്ചിലും മാറാന്‍ ഈ ഹെയര്‍ മാസ്ക് സഹായിക്കും.
ഉലുവയും മുട്ടയുടെ മഞ്ഞയും മിശ്രിതമാക്കി തലമുടിയില്‍ പുരട്ടുന്നതും തലമുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും നല്ലതാണ്. കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടുന്നതും തലമുടി വളരാന്‍ സഹായിക്കും.