പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രിനിവാസന്‍ സംവിധാനം ചെയ്‍ത ‘ഹൃദയ’ത്തിന് കേരളത്തിന് പുറത്തുള്ള നഗരങ്ങളിലും മികച്ച പ്രതികരണം. കാര്യമായി മലയാളി സാന്നിധ്യമുള്ള ചെന്നൈയിലും ബംഗളൂരുവിലുമാണ് ചിത്രത്തിന് ഏറ്റവുമധികം കാണികള്‍. മലയാളികളല്ലാത്ത പ്രേക്ഷകരിലേക്കും ചിത്രം എത്തിയിട്ടുണ്ട്. ചെന്നൈ കഥാപശ്ചാത്തലമാക്കുന്ന ചിത്രം എന്നതും തമിഴ് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകമാണ്. പ്രേക്ഷകരുടെ അഭ്യര്‍ഥനപ്രകാരം ചിത്രം റിലീസ് ചെയ്യാതിരുന്ന പല സ്ക്രീനുകളിലേക്കും ഈ വാരം ചിത്രം എത്തും. പല തിയറ്ററുകാരും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പ്രേക്ഷകരെ അറിയിക്കുന്നുണ്ട്.
കേരളത്തില്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്ന കഴിഞ്ഞ ഞായറാഴ്ച ബംഗളൂരുവില്‍ ഹൃദയത്തിന് ഹൗസ്‍ഫുള്‍ പ്രദര്‍ശനങ്ങള്‍ ആയിരുന്നു. ഈ ദിവസം ഏറ്റവുമധികം പ്രേക്ഷകര്‍ എത്തിയതും ഈ ചിത്രത്തിനായിരുന്നു. ചെന്നൈയില്‍ ചിത്രത്തിന് ലഭിക്കുന്ന വലിയ പ്രതികരണത്തെക്കുറിച്ച് ട്വിറ്ററില്‍ പ്രമുഖ ട്രേഡ് അനലിസ്റ്റുകളൊക്കെ അറിയിക്കുന്നുണ്ട്. തിരുനെല്‍വേലിയിലെ പ്രധാന തിയറ്റര്‍ ആയ റാം മുത്തുറാം സിനിമാസ് ഈ വെള്ളിയാഴ്ച മുതല്‍ തങ്ങള്‍ ഹൃദയം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രേക്ഷകാഭ്യര്‍ഥന പ്രകാരമെന്നാണ് തിയറ്റര്‍ ഉടമകള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
പ്രണവ് മോഹന്‍ലാലിനും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിലൂടെ ലഭിക്കുന്നത്. പ്രണവിനെ ഒരു തമിഴ് സിനിമയില്‍ കാണാനുള്ള ആഗ്രഹം തമിഴ് പ്രേക്ഷകരില്‍ പലരും പങ്കുവെക്കുന്നുണ്ട്. ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ’ത്തിനു ശേഷമുള്ള വിനീത് ശ്രീനിവാസന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മെറിലാന്‍ഡ് സിനിമാസ് ആണ്. ഒരു കാലത്ത് മലയാളത്തിലെ മുന്‍നിര ബാനര്‍ ആയിരുന്നു മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. വിശാഖ് സുബ്രഹ്‍മണ്യം ആണ് നിര്‍മ്മാതാവ്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും അവതരിപ്പിക്കുന്ന രണ്ട് നായികാ കഥാപാത്രങ്ങളാണ് ചിത്രത്തില്‍. ഹിഷാം അബ്‍ദുള്‍ വഹാബ് ഒരുക്കിയിരിക്കുന്ന 15 ഗാനങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ചിത്രത്തിന്‍റെ ഓഡിയോ കാസറ്റുകളും അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു.