ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഈ സാമ്പത്തിക വർഷം 50,000 കോടി രൂപ കടപ്പത്രങ്ങൾ വഴി സമാഹരിക്കാൻ ഒരുങ്ങുന്നു. ദീർഘകാല ബോണ്ടുകളോ ബേസൽ-III കംപ്ലയിന്റ് അഡീഷണൽ ടയർ-1 ബോണ്ടുകളോ അല്ലെങ്കിൽ ബേസൽ-III കംപ്ലയിന്റ് ടയർ-2 ബോണ്ടുകളോ പോലുള്ള ഡെറ്റ് ഉപകരണങ്ങൾ ഇഷ്യൂ ചെയ്യുന്നതിലൂടെ എസ്ബിഐ രൂപയിലോ മറ്റേതെങ്കിലും കൺവേർട്ടിബിൾ കറൻസിയിലോ ഫണ്ട് ശേഖരിക്കുമെന്ന് ബാങ്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.
നടപ്പ് സാമ്പത്തിക വർഷം ഡെറ്റ് ഇൻസ്ട്രുമെന്റുകൾ വഴി 50,000 കോടി രൂപ വരെ സമാഹരിക്കുന്നതിന്സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വെള്ളിയാഴ്ച ബോർഡ് അനുമതി നൽകി.
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവിന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷം 59% വർധിച്ച് 50,232 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ അറ്റ പലിശ വരുമാനം 20% വർധിച്ച് 1.45 ലക്ഷം കോടി രൂപയാണ്. മാർച്ച് അവസാനത്തോടെ, ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 14.68% ആയിരുന്നു, ഒരു വർഷം മുമ്പ് ഇത് 13.83% ആയിരുന്നു.
2023 സാമ്പത്തിക വർഷത്തിലെ മികച്ച ലാഭം ഉണ്ടായതിനാൽ, ഭാവിയിലെ വളർച്ചാ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഗുണകരമായതായി എസ്ബിഐ ചെയർമാൻ ദിനേഷ് ഖര വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. മികച്ച ആസൂത്രണം, ലാഭം തിരിച്ചുപിടിക്കൽ, റിസ്ക് മാനേജ്മെന്റ് എന്നിവയുടെ പിൻബലത്തിൽ 2023 സാമ്പത്തിക വർഷത്തിൽ എസ്ബിഐയുടെ മൂലധന അനുപാതം മെച്ചപ്പെട്ടതായി വാർഷിക റിപ്പോർട്ടിൽ പറയുന്നു.