ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ കോൺഗ്രസിന്റെ ആറ് പ്രധാന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് സോണിയ ഗാന്ധി. തെലങ്കാന ദേശീയോദ്ഗ്രഥന ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം തുക്കുഗുഡയിൽ നടന്ന കൂറ്റൻ റാലിയിലാണ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്.
തെലങ്കാനയിലെ ജനങ്ങളുടെ അഭിലാഷം നിറവേറ്റുന്നതിനായി കോൺഗ്രസ് ആറ് ഉറപ്പുകൾ പ്രഖ്യാപിക്കുന്നെന്നും അവ ഓരോന്നും നിറവേറ്റാൻ പ്രതിജ്ഞാബദ്ധരാണെന്നും സോണിയ ഗാന്ധി പറഞ്ഞു. രാഹുൽ അടക്കം നേതാക്കൾ റാലിയെ അഭിസംബോധന ചെയ്തു. മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, 200 യൂനിറ്റ് വൈദ്യുതി സൗജന്യം തുടങ്ങിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.
കോൺഗ്രസ് നടത്തിയ വിജയഭേരി റാലിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. പ്രവർത്തകരുടെ ദൃശ്യങ്ങൾ ശശി തരൂർ അടക്കം പ്രമുഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘തെലങ്കാനയിലെ ബഹുജന റാലിക്കെത്തിയ ജനക്കൂട്ടം അമ്പരപ്പിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ദൃശ്യമാണിത്. ഹൈദരാബാദിൽ ഇത് വിമോചന ദിനമാണ്. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇപ്പോൾ അവസാനിച്ചു’ -ശശി തരൂർ എക്സിൽ (ട്വിറ്റർ) കുറിച്ചു.