ദില്ലി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഗിനിയയില്‍ നിന്നുള്ള യുവതിയില്‍ നിന്ന് 15.36 കോടി രൂപയുടെ കൊക്കൈയ്നാണ് പിടികൂടിയത്. 82 ക്യാംപ്സൂളുകളിലാക്കി വിഴുങ്ങിയ നിലയിലായിരുന്നു കൊക്കൈയ്ന്‍ കണ്ടെത്തിയത്. വിദഗ്ധ സംഘത്തിന്‍റെ സഹായത്തോടെയായിരുന്നു ക്യാപ്സൂളുകള്‍ കസ്റ്റംസ് വീണ്ടെടുത്തത്.
ഡിസംബര്‍ 12 ന് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ കൊടുവള്ളി പൊലീസ് പിടികൂടിയിരുന്നു. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33യാണ്) പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി നെടുമലയിൽ എസ്ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയിലാണ് ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ അഞ്ചു ഗ്രാമോളം വരുന്ന എംഡിഎംഎ പിടികൂടിയത്.
മയക്കുമരുന്ന് തൂക്കാനായി ഉപയോഗിക്കുന്ന തുലാസും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതമാണ് ജിസാറിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കെ.എൽ 57 കെ 4333 നമ്പർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ ലഹരി മരുന്നിനു വിപണിയിൽ അരലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് വിശദമാക്കി.
ഒക്ടോബര്‍ അവസാന വാരം കണ്ണൂരിലെ മമ്പറം മൈലുള്ളിമെട്ടയിൽ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടിയിരുന്നു. പാതിരിയാട് സ്വദേശി പി.പി.ഇസ്മയിലിനെയാണ് പിടികൂടിയത്. കാറിൽ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.വാഹന പരിശോധനയ്ക്കിടെയാണ് ഇസ്മയിൽ എംഡിഎംഎയുമായി പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിപണിയിൽ 14 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്.