ദില്ലി : ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതിയിൽ വൻ വളർച്ച. ഈ വിപണി വർഷത്തിൽ ഇന്ത്യയിലെ പഞ്ചസാര കയറ്റുമതിയിൽ മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ് പ്രതീക്ഷ എന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഈ സീസണിൽ ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി 9.5 ദശലക്ഷം ടൺ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ഒക്ടോബറിൽ തുടങ്ങിയ വിപണി 2022 സെപ്റ്റംബറിലാണ് അവസാനിക്കുക.
കയറ്റുമതി കൂടുന്ന സാഹചര്യത്തിൽ രാജ്യത്ത് പഞ്ചസാര വില ഉയരുമെന്ന ആശങ്ക വേണ്ട എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. കാരണം പഞ്ചസാരയുടെ ആഭ്യന്തര ഉത്പാദനത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ നിലവിലെ വിലയിൽ തന്നെയായിരിക്കും പഞ്ചസാര ആഭ്യന്തര വിപണിയിൽ എത്തുക. 2021 – 22 വിപണി വർഷത്തിൽ മുൻ വിപണി വർഷത്തേക്കാൾ 13 ശതമാനത്തോളം ഉത്പാദന വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ രാജ്യത്തെ പഞ്ചസാര ഉത്പാദനം 35 ദശലക്ഷം ടണ്ണായി ഉയർന്നേക്കും. അതേസമയം 8.5 ദശലക്ഷം ടൺ പഞ്ചസാര ശേഖരവുമായാണ് ഈ വർഷം വിപണി ആരംഭിച്ചത്. അതിനാൽ തന്നെ ആകെ 43.5 ദശലക്ഷം ടൺ പഞ്ചസാര ലഭ്യത ഈ വർഷം ഉണ്ടാകും.
രാജ്യത്ത് ഈ വിപണി വർഷം 43.5 ദശലക്ഷം ടൺ പഞ്ചസാര ശേഖരം ഉണ്ടാകുകയാണെങ്കിൽ ഇതിൽ 27.8 ദശലക്ഷം ടൺ രാജ്യത്തെ വിപണികളിലേക്ക് മാറ്റിവെക്കും. 9.5 ദശലക്ഷം ടൺ കയറ്റുമതി ചെയ്യും. ഇങ്ങനെ വരുമ്പോൾ 2022 ഒക്ടോബറിൽ വിപണി അവസാനിപ്പിക്കുമ്പോൾ 6 ദശലക്ഷം ടൺ പഞ്ചസാര അവശേഷിക്കും. ഇത് ക്ലോസിങ് ബാലൻസ് ആയി കണക്കാക്കി അടുത്ത വർഷത്തെ ഓപ്പണിങ് സ്റ്റോക്ക് ആക്കി നീക്കിവെക്കും.
ഇങ്ങനെ 6 ദശലക്ഷം ടൺ പഞ്ചസാര കരുതൽ ശേഖരമായി ഇരിക്കെ ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ക്ഷാമം ഉണ്ടാകുകയില്ലെന്നും വിപണിയിൽ സുഗമമായ ലഭ്യതയും ന്യായമായ വിലയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.