ന്യൂഡൽഹി : ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ഐ.എസ്.എഫ്.ആർ) പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെ വനവിസ്തൃതിയിൽ 2,200 സ്ക്വയർ കിലോമീറ്റർ വർധനയുണ്ടായതായി കണ്ടെത്തൽ. രാജ്യത്തിന്റെ മൊത്തം വനവും മരങ്ങളും ഇപ്പോൾ 80.9 ദശലക്ഷം ഹെക്ടറാണ്. ഇത് ആകെ വരുന്ന ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 24.62 ശതമാനമാണ്. ഇന്ത്യയിലെ ടൈഗർ റിസർവ്, ലയൺ പാർക്ക് എന്നിവിടങ്ങളിലെ വനവിസ്തീർണത്തെ കുറിച്ചുള്ള ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (എഫ്.എസ്.ഐ) റിപ്പോർട്ടും ഇതോടൊപ്പം ഇടം നേടിയിട്ടുണ്ട്. വിസ്തീർണത്തിൽ രാജ്യത്തെ ഏറ്റവും വലിയ വനപ്രദേശമടങ്ങിയ സംസ്ഥാനമാണ് മധ്യപ്രദേശ്. തൊട്ടുപിന്നാലെ അരുണാചൽ പ്രദേശ്, ചത്തീസ്ഗഢ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് റിപ്പോർട്ട് പുറത്തിറക്കിയത്. വനവിസ്തൃയിലുണ്ടായ വർധന കൂടുതൽ സംരക്ഷണ മാനദണ്ഡം, പ്രതിരോധം എന്നിവയ്ക്ക് പ്രചോദനം നൽകുന്നതാണെന്ന് റിപ്പോർട്ട് പറയുന്നു.
വനവിസ്തീർണത്തിൽ മുൻപന്തിയിൽ അഞ്ച് സംസ്ഥാനങ്ങളാണുള്ളത്. മിസോറാം (84.53%), അരുണാചൽ പ്രദേശ് (79.33%), മേഘാലയ (76.00%), മണിപ്പൂർ (74.34%), നാഗാലാൻഡ് (73.90%). സംസ്ഥാനം, യൂണിയൻ ടെറിറ്ററി തിരിച്ചുള്ള വിവിധ പാരാമീറ്ററുകളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. കുന്നുകൾ, ആദിവാസി മേഖലകൾ, വടക്കു കിഴക്കൻ പ്രദേശങ്ങൾ എന്നിവയെ കുറിച്ചും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.