എറണാകുളം: വീട്ടുടമ ഉറങ്ങിക്കിടന്ന മുറിയിൽ അതിക്രമിച്ചു കയറി അലമാര തുറന്നു വൻ മോഷണം. വെസ്റ്റ് ചെങ്ങര തണ്ടക്കാല ടി.എ. മീതിനിന്റെ വീട്ടിൽ നിന്ന് 3.14 ലക്ഷം രൂപയും, 7.5 പവൻ സ്വർണവും നഷ്ടപ്പെട്ടു. വീടിന്റെ മുകളിലെ നിലയിലെ വാതിലിന്റെ ഓടാമ്പൽ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. വെള്ളിയാഴ്‌ച പുലർച്ചെ 2.15നു വീട്ടുടമ എഴുന്നേറ്റു സമയം നോക്കിയപ്പോൾ ക്ലോക്ക് കാണാതായതോടെ നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം അറിയുന്നത്.
തുടർന്ന് കുന്നത്തുനാടു പൊലീസിനെ വിവരം അറിയിച്ചു. പുലർച്ചെ മൂന്നു മണിക്കു തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം പരിസരത്ത് പട്രോളിങ് നടത്തിയെങ്കിലും മോഷ്ടാവിനെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചില്ല. രാവിലെ വിരലടയാള വിദഗ്ദരും പെരുമ്പാവൂർ ഡിവൈഎസ്പി അനൂജ് പലിവാലും വീട്ടിലെത്തി പരിശോധന നടത്തി. വാട്ടർ അതോറിറ്റി കരാറുകാരനായ മീതിൻ ജോലിക്കാർക്കു കൊടുക്കാനായി ബാങ്കിൽ നിന്നെടുത്ത പണമാണ് മോഷണം പോയത്. പണം പിൻവലിച്ചതിനെക്കുറിച്ച് ധാരണയുള്ള ആളാണ് മോഷണത്തിനു പിന്നിലെന്നാണ് സംശയം.
വീടിന്റെ മുകളിലത്തെ നിലിയിലെ വാതിലിന് ഇരുമ്പുപട്ട പിടിപ്പിരുന്നെങ്കിലും അതിട്ടിരുന്നില്ല. ഇത് മോഷ്ടാവിനു സൗകര്യമായി. വീട്ടിൽ സിസിടിവി ഇല്ലാതിരുന്നതും മോഷ്ടാവിനു ഗുണകരമായി. പരിസര പ്രദേശത്തെ സിസിടിവി പരിശോധിച്ചെങ്കിലും ഇതുവരെ സൂചന ലഭിച്ചിട്ടില്ല.
കുന്നത്തുനാട് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള പട്ടിമറ്റം ഡബിൾപാലത്തിനു സമീപം മുണ്ടേക്കുടി മക്കാറിന്റെ വീട്ടിലും കിഴക്കമ്പലത്ത് ഒരു വീട്ടിലും പുലർച്ചെ മോഷണ ശ്രമം നടന്നിട്ടുണ്ട്. പുലർച്ചെ 5.30ന് ഡബിൾപാലം ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ടിരുന്നു. നാട്ടുകാർ ചോദ്യം ചെയ്തതിനെത്തുടർന്ന് കമ്പി വടി വീശി ആൾ ഓടി രക്ഷപ്പെട്ടു. പൊലീസിനും ഇയാളെ പിടികൂടാനായില്ല. മോഷണ ശ്രമം നടന്ന വീടിന്റെ ഉടമസ്ഥർ പൊലീസിൽ പരാതി നൽകിയിട്ടില്ല.