കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല മലയിൽ വൻ വാറ്റ് കേന്ദ്രം എക്സൈസ് തകർത്തു. ക്രിസ്‍മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് ഐ.ബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി കരിഞ്ചോല ഭാഗത്ത് വ്യാപകമായ റെയ്ഡ് നടത്തുകയായിരുന്നു. കരിഞ്ചോല മലയിൽ നിന്നും 210 ലിറ്ററിന്റെ രണ്ടു ബാരലുകളിലും 500 ലിറ്ററിന്റെ ഒരു ടാങ്കിലുമായി 920 ലിറ്റർ വാഷും രണ്ട് കൂട്ടം വാറ്റ് സെറ്റും രണ്ട് ഗ്യാസ് സിലിണ്ടറുകളും രണ്ട് ഗ്യാസ് അടുപ്പുകളും 10 ലിറ്റർ ചാരായവും എക്സൈസ് കണ്ടുപിടിച്ചു.
സാമ്പിൾ ശേഖരിച്ച ശേഷം വാഷ് ഒഴുക്കി നശിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്നറെയ്ഡിൽ പ്രിവന്റീവ് ഓഫീസർ അബ്ദുള്ള, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിഷാന്ത്, ബിനീഷ് കുമാർ, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസവും കരിഞ്ചോല ഭാഗത്ത് നടത്തിയ റെയ്ഡിൽ എണ്ണൂറോളം ലിറ്റർ വാഷ് കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കുന്നിൻ മുകളിൽ പയർ വള്ളികൾക്കിടയിൽ ആയിരുന്നു വാഷ് ഒളിപ്പിച്ചു വെച്ചിരുന്നത്. ഈ വന പ്രദേശത്ത് പലയിടങ്ങളിലായി വ്യാപകമായി വ്യാജവാറ്റ് നടക്കുന്നത് പതിവാകുകയാണ്. എക്സൈസ് പ്രദേശത്ത് എത്തുമ്പോഴേക്ക് വാറ്റ് സംഘം വാറ്റ് സാമാഗ്രികൾ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു കളയും. വാറ്റ് സംഘത്തെ പിടികൂടാൻ എക്സൈസിന് കഴിയാത്തതിനാൽ മറ്റൊരു ഭാഗത്ത് സംഘം പിന്നെയും വാറ്റ് തുടരും.