തിരുവനന്തപുരം: കൊൽക്കത്തയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഇൻസാഫ് റാലിയിലെ ജനപങ്കാളിത്തം ബംഗാളിലെ തിരിച്ചുവരവിന്റെ തെളിവാണെന്ന് അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി. അതിന്റെ തുടർച്ചയായി, കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ 20ന് കേരളത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയും ചരിത്രമായി മാറുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2008 നവംബറിൽ ഡിവൈഎഫ്‌ഐ പശ്ചിമബംഗാൾ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചാണ് ബ്രിഗേഡ് മൈതാനി നിറച്ചുകൊണ്ട് സമ്മേളനം സംഘടിപ്പിച്ചത്. 15 വർഷത്തിനുശേഷം വീണ്ടും മൈതാനംനിറച്ച് സമരം നടത്താനായത് സംഘടനയുടെ വൻ തിരിച്ചുവരവാണ് തെളിയിക്കുന്നത്. അഴിമതി, തൊഴിലില്ലായ്‌മ, വർഗീയത എന്നിവയ്‌ക്കെതിരായ റാലി കേന്ദ്ര സർക്കാരിനും തൊഴിലില്ലായ്‌മയ്‌ക്കുമെതിരെ രാജ്യത്താകെ സംഘടിപ്പിക്കുന്ന പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.തൊഴിലില്ലായ്‌മയ്‌ക്കും കേന്ദ്ര അവഗണനയ്‌ക്കുമെതിരെ ത്രിപുരയിലും ലഹരിമാഫിയക്കെതിരെ തമിഴ്‌നാട്ടിലും വലിയ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഡിവൈഎഫ്‌ഐക്ക് കഴിഞ്ഞു. കേരളത്തിൽ നടത്തുന്ന മനുഷ്യച്ചങ്ങലയിലും ഈ ആവേശം പ്രതിഫലിക്കും.
കേരളത്തിലെ കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും ഈ കാര്യങ്ങളിൽ ഒരു താൽപ്പര്യവുമില്ല. അവർ വ്യാജരേഖ നിർമാണത്തിലും അയോധ്യ ക്ഷേത്രോദ്‌ഘാടനത്തിനുള്ള ആളെക്കൂട്ടുന്നതിലുമുള്ള തിരക്കിലാണ്. കോൺഗ്രസിന്റെ അസ്‌തിവാരം തോണ്ടുന്ന നടപടിയാണ് അവർ ചെയ്‌തുകൊണ്ടിരിക്കുന്നതെന്നും എ എ റഹിം പറഞ്ഞു. ജില്ലാ സെക്രട്ടറി ജെ ഷിജൂഖാൻ, ജില്ലാ പ്രസിഡന്റ് വി അനൂപ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.