മെക്സിക്കോയിൽ 1500 വർഷം പഴക്കമുള്ള മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. ഒരു ഓവുചാലിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്താണ് ഇത്രയധികം വർഷങ്ങൾ പഴക്കമുള്ള മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പടിഞ്ഞാറൻ മെക്‌സിക്കൻ സംസ്ഥാനമായ നയരിറ്റിലെ പോസോ ഡി ഇബാറയിലാണ് പുരാവസ്തു ഗവേഷകർ ഈ കണ്ടെത്തൽ നടത്തിയത്. കൃത്യമായി അടുക്കിവെച്ച നിലയിലായിരുന്നു അസ്ഥികൾ കണ്ടെത്തിയത്. ഏതെങ്കിലും ആചാരത്തിന്റെ ഭാഗമായി ഒന്നിലധികം പേരെ ഒന്നിച്ച് സംസ്കരിച്ചതാകാം ഇതെന്നാണ് ഗവേഷകരുടെ പ്രാഥമിക വിലയിരുത്തൽ. മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി (INAH) പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം, അസ്ഥികൾ ഹിസ്പാനിക് കാലഘട്ടത്തിന് മുമ്പുള്ളതാണ്.
ഐഎൻഎഎച്ച് ഫീൽഡ് ആർക്കിയോളജിസ്റ്റായ ക്ലോഡിയ സെർവിൻ റോസാസിന്റെ പ്രസ്താവന അനുസരിച്ച്, കണ്ടെത്തിയ അസ്ഥികളുടെ കൂട്ടത്തിൽ ഒരു പൂർണ്ണമായ അസ്ഥികൂടവും ഉണ്ട്. ചില അസ്ഥികൾ മനഃപൂർവം അടുക്കി വെച്ചതാണെന്നും അദ്ദേഹം പറയുന്നു. ഇതിൽ തുടയെല്ലുകൾ, കാലിലെ എല്ലുകൾ എന്നിങ്ങനെ നീളമുള്ള അസ്ഥികളും ഏഴ് പൂർണ്ണമായ തലയോട്ടികളും ഉൾപ്പെടുന്നു. എന്നാൽ, ഈ മേഖലയിൽ സമാനമായ മറ്റ് സംസ്കാര രീതികളുടെ കണ്ടെത്തലുകളിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ഗവേഷകർക്ക് കണ്ടെത്താനായിട്ടില്ല.
തലയോട്ടികളെല്ലാം വിവിധ പ്രായത്തിലുള്ള പുരുഷന്മാരുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അസ്ഥികൾ ഒരേസമയം ഒരു ശവക്കുഴിയിലോ ശവകുടീരത്തിലോ നിക്ഷേപിച്ചതാകാം എന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. എഡി 500 മുതൽ 850 വരെ നീണ്ടുനിന്ന അമാപ കാലഘട്ടത്തിൽ ചെയ്തിരുന്ന സമാനമായ ആചാരങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഇതെന്നും പുരാവസ്തു ഗവേഷകർ പറയുന്നു.
മിയാമി ഹെറാൾഡ് ദിനപത്രം പറയുന്നതനുസരിച്ച്, അസ്ഥികളുടെ കൂമ്പാരത്തിന് പുറമെ സെറാമിക് പാത്രങ്ങളും പ്രതിമകളും ഈ സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകളാണ് പുരാവസ്തു ഗവേഷകരെ അമാപ കാലഘട്ടത്തിൽ നടത്തിയ ശവസംസ്കാര ചടങ്ങുകൾക്ക് സമാനമാണ് ഇതെന്ന നിഗമനത്തിലെത്താൻ സഹായിച്ചത്.