കോഴിക്കോട്: കരിക്കാംകുളം കൃഷ്ണന്‍നായര്‍ റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന്റെ എല്ലൊടിഞ്ഞെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. സംഭവത്തില്‍ പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്ജിനീയറില് നിന്ന് കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 25 ന് കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
ജൂലൈ 8-ന് രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റതിന് പുറമെ സ്ക്കൂട്ടറും മൊബൈല്‍ ഫോണും തകര്‍ന്നിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. കാരപറമ്പ് നെല്ലിക്കാവ് റോഡില്‍ പീടിക കണ്ടി വീട്ടില്‍ പി. ശ്രീരാജാണ് പരാതിക്കാരന്. അതേസമയം, തോളെല്ലിന് പരിക്കേറ്റ ശ്രീരാജ് ചികില്‍സയിലാണ്. ഉദ്യോഗസ്ഥരുടെ അലംഭാവവും അശ്രദ്ധയും കാരണമാണ് അപകടം സംഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു.