പത്തനംതിട്ട: അന്തരിച്ച സർക്കാർ ഉദ്യോഗസ്ഥന്റെ രണ്ടു ഭാര്യമാർക്കും തുല്യമായി ലഭിച്ചുകൊണ്ടിരുന്ന കുടുംബ പെൻഷൻ ആദ്യഭാര്യയുടെ മരണത്തെ തുടർന്നു രണ്ടാമത്തെ ഭാര്യയ്ക്കു മുഴുവനായി നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണം. ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയർക്കാണു കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവ് നൽകിയത്.
ജലസേചന വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അന്തരിച്ച ഭാസ്ക്കര പിള്ളയുടെ രണ്ടാം ഭാര്യ കുഞ്ഞികുട്ടിയമ്മ തങ്കമണിയമ്മക്ക് പെൻഷൻ പൂർണമായി നൽകണം. ആദ്യ ഭാര്യ ഗൗരിയമ്മ ഭാർഗ്ഗവിയമ്മ മരിച്ചതിനെ തുടർന്നാണു നടപടി. പരാതിക്കാരിക്കു കുടുംബ പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കുന്നതിന് കെഐപി (ആർബി) സർക്കിൾ സൂപ്രണ്ടിങ് എന്‍ജിനീയർക്കു നിർദേശം നൽകിയിട്ടുണ്ടെന്നു ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയർ കമ്മിഷനെ അറിയിച്ചു.
പരാതിക്കാരിക്ക് 90 വയസ്സു കഴിഞ്ഞതായി കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. പെൻഷൻ തുകയല്ലാത്ത മറ്റു വരുമാന മാർഗങ്ങളൊന്നുമില്ല. പെൻഷൻ നൽകാനുള്ള കാലതാമസത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിയുടെ പ്രായവും സാമ്പത്തിക സ്ഥിതിയും കണക്കിലെടുക്കണം. ജലസേചന വകുപ്പ് (പ്രോജക്റ്റ് -2) ചീഫ് എന്‍ജിനീയർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.