കോട്ടയം ∙ ഇലന്തൂർ നരബലിക്കേസിൽ ഡിഎൻഎ പരിശോധന പൂർത്തിയായതോടെ പത്മയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. പത്മയുടെ സഹോദരി പളനിയമ്മയും മകൻ സെൽവരാജുമാണ് മൃതദേഹം ഏറ്റുവാങ്ങാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്.
മൃതദേഹം പത്മയുടെ നാടായ ധർമപുരിയിലേക്ക് കൊണ്ടുപോയി. റോസ്‌ലിന്റെ ഡിഎൻഎ പരിശോധനാഫലം വരാത്തതിനാൽ മൃതദേഹം വിട്ടു നൽകിയിട്ടില്ല. ജൂൺ 8ന് റോസ്‌ലിയെയും സെപ്തംബർ 26ന് പത്മയെയും കൊച്ചിയിൽനിന്ന് കാണാതാകുകയായിരുന്നു. ഇരുവരും ഇലന്തൂരിൽ നരബലിക്ക് ഇരയായെന്നു പിന്നീട് വ്യക്തമായി.
ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് വീടിനു സമീപത്ത് കുഴിച്ചിടുകയായിരുന്നു. 5 അടിയോളം താഴ്ചയിലായിരുന്നു ഇത്. മൃതദേഹം കുഴിച്ചിട്ടശേഷം പുറത്ത് മണ്ണും അതിന്റെ മുകളിൽ കല്ലുകളും ഇട്ടിരുന്നു. മുകളിൽ മഞ്ഞളും നട്ടു. ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് മൃതദേഹാവശിഷ്ടം പൂർണമായും പുറത്തെടുത്തത്.
ശരീരം രണ്ടായി വെട്ടിമുറിച്ച് പിന്നീട് കയ്യും കാലും കാൽപാദങ്ങളുമെല്ലാം വെവ്വേറെ മുറിച്ച് കഷണങ്ങളാക്കിയാണ് കുഴിച്ചിട്ടിരുന്നത്. പ്രതികളായ ഷാഫി, ഭഗവൽസിങ്, ലൈല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു