പത്തനംതിട്ട: തിരുവല്ല ഇലന്തൂർ കുഴിക്കാലയിൽ നരബലിക്കിരയായ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പത്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് കടവന്ത്ര പൊലീസ് കണ്ടെത്തിയത്. ഔദ്യോഗികമായി സ്ഥിരീകരിക്കണമെങ്കില്‍ ഡി.എന്‍.എ പരിശോധനാഫലം വരേണ്ടതുണ്ട്. 20 കഷ്ണങ്ങളാക്കി മുറിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മേല്‍ ഉപ്പ് വിതറിയാണ് കുഴിച്ചിട്ടത്.
രണ്ട് സംഘങ്ങളായുള്ള പൊലീസാണ് മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നത്. റോസ്‍ലിന്‍റെ മൃതദേഹത്തിനായി കാലടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. കേസിലെ ഏജന്‍റ് ഷാഫിയെയാണ് ആദ്യം സംഭവസ്ഥലത്ത് എത്തിച്ചത്. അധികം വൈകാതെ മറ്റു പ്രതികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെയും എത്തിച്ചു.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ലോട്ടറി കച്ചവടം നടത്തുന്ന പത്മം, കാലടി സ്വദേശിനി റോസ്ലിന്‍ എന്നിവരെയാണ് ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ലഭിക്കാനായി ബലി നൽകിയത്. സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളായി കുഴിച്ചിടുകയായിരുന്നു. ഭഗവല്‍ സിങ്, ലൈല, ഷാഫി എന്നിവര്‍ ചേര്‍ന്നാണ് നരബലി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. നിലവില്‍ ഇവര്‍ മൂവരും പൊലീസ് കസ്റ്റഡിയിലാണ്. പത്മയെയും റോസ്‌ലിനെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.