കാഞ്ഞങ്ങാട് : നായാട്ടിനിറങ്ങിയ ആളെ ഒൻപത് നാടൻ തോക്ക് സഹിതം വനംവകുപ്പുദ്യോഗസ്ഥർ പിടികൂടി. ചീമേനി പെട്ടിക്കുണ്ടിലെ കെ.വി.വിജയൻ (59) ആണ് അറസ്റ്റിലായത്. പിക്കപ്പ് ജീപ്പിൽ പോകവെ, വെള്ളിയാഴ്ച വൈകീട്ട് കുന്നുംകൈ ഏച്ചിലാംകയത്തുവെച്ചാണ് വനംവകുപ്പിന്റെ ഫ്ളയിങ് സ്ക്വാഡ് പിടികൂടിയത്. മൗക്കോടും ഏച്ചിലാംകയത്തുമായി രണ്ട് വാഹനത്തിലായാണ് ഉദ്യോഗസ്ഥർ നായാട്ടുസംഘത്തെ പിടികൂടാൻ നിലയുറപ്പിച്ചിരുന്നത്. മൗക്കോട് എത്തിയപ്പോൾ ഉദ്യോഗസ്ഥരെ കണ്ട് പിക്കപ്പ് ജീപ്പിലുണ്ടായവർ വാഹനം തിരിച്ചുവിട്ടു. മൗക്കോട്ട് നിലയുറപ്പിച്ച ഉദ്യോഗസ്ഥസംഘം ഉടൻ ഏച്ചിലാകയത്തുള്ളവരെ വിവരമറിയിക്കുകയും അവർ വാഹനം റോഡിനു കുറികെയിടുകയും ചെയ്തു. അമിതവേഗത്തിലെത്തിയ പിക്കപ്പ് ജീപ്പ് റോഡിനു കുറുകെയിട്ട വനംവകുപ്പിന്റെ ജീപ്പിനിടിച്ചു നിൽക്കുകയായിരുന്നു.
പിക്കപ്പ് ജീപ്പിന്റെ പിറകിൽ തോക്കും തിരകളും ചാക്കിൽ പൊതിഞ്ഞനിലയിലായിരുന്നു. ഡ്രൈവർ ഇറങ്ങിയോടി. പിടിയിലായ പ്രതിയെയും കസ്റ്റഡിയിലെടുത്ത ജീപ്പും കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസിലെത്തിച്ചു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. കാസർകോട് ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.രതീശന്റെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥ സംഘമെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ഒ.സുരേന്ദ്രൻ, കെ.സി.മോഹൻകുമാർ, കെ.രാജു, പി.ശ്രീധരൻ, എം.ഹരി, പ്രകാശൻ, ഫോറസ്റ്റ് വാച്ചർ സുരേന്ദ്രൻ, ഡ്രൈവർ പ്രദീപൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.