ദില്ലി : ഭാര്യയ്‌ക്കെതിരെ വഞ്ചനാകുറ്റം ചുമത്തി കേസെടുക്കണമെന്ന് കാണിച്ച് സുപ്രിംകോടതിയെ സമീപിച്ച് ഭർത്താവ്. ഭാര്യ പുരുഷനാണെന്നായിരുന്നു പരാതിക്കാരന്റെ വാദം. ഈ വസ്തുത മറച്ചുവച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് ഭാര്യയിൽ നിന്ന് മറുപടി തേടി സുപ്രിംകോടതി നോട്ടിസ് അയച്ചു. ജസ്റ്റിസ് സഞ്ജയ് കിഷന്ഡ കൗൾ, ജസ്റ്റിസ് എംഎം സുന്ദ്രേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സെക്ഷൻ 420 (വഞ്ചനാക്കുറ്റം) പ്രകാരം കേസെടുക്കണമെന്നാണ് ഭർത്താവിന്റെ വാദം. ഭാര്യയ്‌ക്കെതിരെ മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ സമർപ്പിച്ചുകൊണ്ടായിരുന്നു ഭർത്താവിന്റെ വാദം. മെഡിക്കൽ റെക്കോർഡുകൾ പ്രകാരം ഭാര്യയ്ക്ക് പുരുഷന്റേതിന് സമാനമായ ജനനേന്ദ്രിയവും ‘ഇംപർഫൊറേറ്റ് ഹൈമൻ’ എന്ന അവസ്ഥയും ഉണ്ട്.
ജന്മനാ തന്നെയുണ്ടായിരുന്നതാണ് ‘ഇംപർഫൊറേറ്റ് ഹൈമൻ’. വിവാഹത്തിന് മുൻപേ തന്നെ തന്റെ ജനനേന്ദ്രിയത്തെ കുറിച്ച് ഭാര്യയ്ക്ക് അറിവുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഈ വസതുത മറച്ചുവച്ച് വിവാഹം കഴിച്ചതിന് വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്നുമായിരുന്നും ഭർത്താവിന്റെ വാദം. 2016 ലാണ് പരാതിക്കാരനും ഭാര്യയും തമ്മിൽ വിവാഹിതരാകുന്നത്. തുടർന്ന് 2017 ൽ ഭർത്താവ് ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകുകയായിരുന്നു. അന്ന് ഭാര്യയ്ക്ക് സമൻസ് അയച്ച കോടതി വിധി എന്നാൽ മധ്യപ്രദേശ് ഹൈക്കോടതി ജൂൺ 2021 ൽ തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് ഭർത്താവ് നിലവിൽ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഭാര്യയ്ക്ക് പൂർണ ആരോഗ്യമുള്ള അണ്ഡാശയമുള്ള സ്ഥിതിക്ക് അവർ പുരുഷനാണെന്ന് എങ്ങനെ പറയാൻ കഴിയുമെന്നാണ് ഹർജി പരിഗണിച്ച സുപ്രിംകോടതി ചോദിച്ചത്. എന്നാൽ ഭർത്താവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ.കെ മോഡി പുരുഷന്റേതിന് സമാനമായ ജനനേന്ദ്രിയമുള്ള വ്യക്തിയെ എങ്ങനെയാണ് സ്ത്രീയെന്ന് വിളിക്കുന്നതെന്ന മറുചോദ്യം ഉന്നയിച്ചു. കേസിൽ ഭാര്യയ്ക്കും, ഭാര്യാപിതാവിനും മധ്യപ്രദേശ് പൊലീസിനും മറുപടി നൽകണമെന്ന് കാണിച്ച് കോടതി നോട്ടിസ് നൽകിയിട്ടുണ്ട്. ആറാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നോട്ടിസ്. ജെൻഡർ വിദഗ്ധ ഡാനിയേല മെൻഡോൺകയുടെ അഭിപ്രായപ്രകാരം അംപർഫൊറേറ്റ് ഹൈമൻ എന്നത് ഇന്റർസെക്‌സ് വേരിയേഷനായി കണക്കാക്കാൻ സാധിക്കുമെങ്കിലും ഒരും വ്യക്തി പുരുഷനാണോ സ്ത്രീയാണോ ട്രാൻസ്‌ജെൻഡറാണോ എന്ന് തീരുമാനിക്കേണ്ടത് ആ വ്യക്തി തന്നെയാണ്. ഈ വാദം 2014 ൽ സുപ്രിംകോടതി ശരിവച്ചതുമാണ്. ഈ വസ്തുത നിലനിൽക്കെയാണ് പരാതിക്കാരന്റെ ഹർജി.