കണ്ണൂർ : വീട്ടിനുള്ളിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പാനൂർ നഗരസഭയിലെ പുല്ലൂക്കര വിഷ്ണുവിലാസം യു.പി. സ്കൂളിന് സമീപം പടിക്കൽ കൂലോത്ത് രതി (51) യാണ് കഴുത്തിന് വെട്ടേറ്റ് മരിച്ചത്. ബുധനാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. ഇവർ മാത്രം വീട്ടിലുണ്ടായിരുന്നപ്പോൾ ഭർത്താവ് മോഹനൻ (60) വീടിന്റെ വാതിൽ പൂട്ടിയിടുകയും കിടപ്പു മുറിയിൽവെച്ച് കത്തികൊണ്ട് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ വാതിൽ പൊളിച്ച് അകത്തുകയറി. കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്ന രതി അപ്പോഴേക്കും മരിച്ചു. വെട്ടുകത്തിയുമായി ഭാര്യയുടെ അടുത്തിരുന്ന മോഹനനെ നാട്ടുകാർ പിടിച്ച് വീടിന് പുറത്തെത്തിച്ചു. ഇയാളും ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. ചൊക്ലി പോലീസ് വീട്ടിലെത്തി മോഹനനെ കസ്റ്റഡിയിലെടുത്തു.
കുറച്ചു കാലം കോയമ്പത്തൂരിൽ വ്യാപാരിയായിരുന്ന മോഹനൻ ഇപ്പോൾ തൊഴിലൊന്നും ചെയ്യുന്നില്ല. പരേതരായ കുഞ്ഞമ്പുവിന്റെയും ദേവിയുടെയും മകളാണ് രതി. ധനിത്ത്, ധനിഷ എന്നിവരാണ് മക്കൾ. മരുമകൻ: സജിത്ത്. സഹോദരങ്ങൾ: പ്രകാശൻ, സുമതി, സതി. സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, നർക്കോട്ടിക്ക് സെൽ അസി. കമ്മിഷണർ ജസ്റ്റിൻ അബ്രഹാം, ചൊക്ലി പോലീസ് ഇൻസ്പെക്ടർ സി. ഷാജു, എസ്.ഐ. സൂരജ് ഭാസ്കർ എന്നിവർ വീട്ടിലെത്തി തുടർ നടപടികൾക്ക് നേതൃത്വം നൽകി.