കൊച്ചി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ശശി തരൂരിന് ലഭിച്ച പിന്തുണ കോണ്‍ഗ്രസ് ക്യാമ്പുകളെ അമ്പരപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് 1072 വോട്ടുകൾ ലഭിത്തതില്‍ ആഹ്ളാദം പങ്കിട്ട് ഹൈബി ഈഡന്‍ എംപി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ എതിര്‍ത്ത് കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം രംഗത്തെത്തിയപ്പോള്‍ തരൂരിനെ പിന്തുണച്ച് പരസ്യമായി മുന്നോട്ടു വന്ന യുവനേതാവാണ് ഹൈബി. ‘ഷമ്മി തന്നെയാടാ ഹീറോ..’ എന്നാണ് ബൈഹി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ചത്.
വലിയ എതിര്‍പ്പുയര്‍ന്നിട്ടും തരൂര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 12 ശതമാനം വോട്ടുകൾ നേടി. 89 ശതമാനം വോട്ടുകളാണ് മല്ലികാർജുൻ ഖർഗേ സ്വന്തമാക്കിയത്. ഖര്‍ഗെയ്ക്ക് 7897 വോട്ട് ലഭിച്ചു. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. ഇതില്‍ 416 വോട്ടുകൾ അസാധുവായി. എന്തായാലും വെറുമൊരു നടപടി മാത്രമാകേണ്ട അധ്യക്ഷ തെരഞ്ഞെടുപ്പിനെ സജീവമാക്കിയത് തരൂര്‍ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളിയാണ്. അധ്യക്ഷ തെരഞ്ഞെടുപ്പോടെ ചരിത്രത്തിൽ ഇടം നേടിയ തരൂരിനെ കൂടി ഉള്‍ക്കൊണ്ട് മുന്‍പോട്ട് പോകാനാകും ഇനി ഗാന്ധി കുടുംബത്തിന്‍റെ ശ്രമം.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടർ നീക്കങ്ങളുമായി ശശി തരൂരും രംഗത്തുണ്ട്. പാർട്ടിക്കകത്ത് മാറ്റങ്ങൾക്കുള്ള നീക്കം തുടരാനാണ് ശശി തരൂരിന്‍റെ തീരുമാനം . ഇത് സംബന്ധിച്ച് വിശ്വസ്തരുമായി തരൂർ ചർച്ച നടത്തിക്കഴിഞ്ഞു. സംഘടനാ മാറ്റങ്ങൾക്കായി ശക്തമായി വാദിക്കാനാണ് തരൂര്‍ ക്യാംമ്പിന്‍റെ തീരുമാനം. വലിയ എതിര്‍പ്പുണ്ടായിട്ടും കേരളത്തിൽ പകുതി വോട്ടർമാർ കൂടെ നിന്നെന്ന് ആണ് വിലയിരുത്തൽ.
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആയിരത്തിലേറെ വോട്ട് നേടിയ തരൂർ ദേശീയ തലത്തില്‍ ഭാരവാഹിത്വങ്ങളില്‍ അവകാശവാദം ഉന്നയിച്ചേക്കും. പ്രവര്‍ത്തക സമിതി, വര്‍ക്കിംഗ് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ നിശ്ചയിക്കുമമ്പോൾ പരിഗണന തരൂര്‍ പ്രതീക്ഷിക്കുന്നുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലടക്കം മുന്നോട്ട് വച്ച ആശയങ്ങള്‍ പാര്‍ട്ടി നയരൂപീരണത്തില്‍ കണക്കിലെടുക്കണമെന്ന ആവശ്യവും തരൂര്‍ ശക്തമാക്കാനിടയുണ്ട്. തരൂരിന്‍റ തുടര്‍നീക്കങ്ങള്‍ എഐസിസിയും നിരീക്ഷിക്കുകയാണ്.