ഹൈദരാബാദ് : ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കാറിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി പോലീസിന്റെ അവകാശ വാദം. പെൺകുട്ടി അതിക്രമത്തിനിരയായ ഇന്നോവ കാറിനുള്ളിൽ നിന്നാണ് കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തൽ. കാർ കഴുകിയ നിലയിലായിരുന്നു. എന്നാൽ ലൈംഗിക അതിക്രമം തെളിയിക്കാൻ സാധിക്കുന്ന അടയാളങ്ങളും തെളിവുകളും കാറിനുള്ളിൽ നിന്ന് കിട്ടിയതായ ഫോറൻസിക് വിഭാഗം പറഞ്ഞു.
കാറിൽ നടത്തിയ പരിശോധനയിൽ പതിനേഴുകാരിയുടെ കമ്മലുകൾ അടക്കമുള്ള തെളിവുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത 3 പേർ ഉൾപ്പെടെ 5 പേർ ചേർന്നാണ് പതിനേഴുകാരിയായ പെൺകുട്ടിയ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിലുൾപ്പെട്ട 5 പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ അറസ്റ്റിലായ 3 പേർ പ്രായപൂർത്തിയാകാത്തവരാണ്. കൂട്ടബലാത്സംഗ കേസിൽ തെലങ്കാനയിലൽ വൻപ്രതിഷേധമാണ് ഉയരുന്നത്. പ്രതികൾ ഉന്നത നേതാക്കളുടെ മക്കളും ബന്ധുക്കളുമാണെന്നും അവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പോലീസ് ശ്രമിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധ സമരമാണ് അരങ്ങേറുന്നത്. ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങള്‍ മറച്ചുവെച്ച് കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. എന്നാല്‍ പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാടാണ് പോലീസ് ആവർത്തിക്കുന്നത്. കഴിഞ്ഞ മാസം 28നാണ് സംഭവം.
പെൺകുട്ടി ഇവരെ പബ്ബിൽ വെച്ചാണ് പരിചയപ്പെട്ടത്. ഒരു സുഹൃത്തിനൊപ്പമാണ് 17 കാരി പെൺകുട്ടി പബ്ബിൽ പോയത്. സുഹൃത്ത് നേരത്തേ പോകുകയും പെൺകുട്ടി തനിച്ചാകുകയും ചെയ്തു. പബ്ബിൽ വെച്ച് സൗഹൃദത്തിലായ ഒരു ആൺകുട്ടിയുടെയും അവന്റെ സുഹൃത്തുക്കളുടെയുമൊപ്പം പെൺകുട്ടി പുറത്തിറങ്ങി. പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. സംഘം പെൺകുട്ടിയുമൊത്ത് ഒരു പേസ്ട്രി ഷോപ്പിൽ കയറി. പിന്നീട് ജൂബിലി ഹിൽസ് ഏരിയയിൽ എത്തിയ സംഘം അവിടെ കാര്‍ പാര്‍ക്ക് ചെയ്തു. ഇവിടെ വച്ചാണ് സംഘം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.
കുട്ടിയുടെ കഴുത്തിൽ മുറിവ് കണ്ട് രക്ഷിതാക്കൾ ചോദിച്ചപ്പോൾ തന്നെ ഒരു സംഘം ആക്രമിച്ചുവെന്ന് മാത്രമാണ് പെൺകുട്ടി പറഞ്ഞത്. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ ചോദിച്ചപ്പോഴാണ് താൻ നേരിട്ട കൂട്ടബലാത്സംഗം പെൺകുട്ടി തുറന്നുപറഞ്ഞത്. ആദ്യം പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പിന്നീട് ഐപിസി 376 (കൂട്ടബലാത്സംഗം) സെക്ഷനും ചുമത്തി. ഒരു എംഎൽഎയുടെ മകനും ന്യൂനപക്ഷ ബോർഡ് ചെയർമാനും പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നും പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്നെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്തു.