ഹൈദരാബാദ് : ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആഢംബര കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. 18 വയസുള്ള രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ കൊച്ചുമകനും ടിആര്‍എസ് എംഎല്‍എയുടെ മകനും കേസില്‍ പങ്കുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ്. എന്നാല്‍ പോലീസ് ഈ കാര്യം സ്ഥിരീകരിച്ചില്ല.
കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് ചൂണ്ടികാട്ടി ബിജെപിയും കോണ്‍ഗ്രസും വ്യാപക പ്രതിഷേധമാണ് നടത്തുന്നത്. 18 വയസ് പൂര്‍ത്തിയായ പ്ലസ് ടു വിദ്യാര്‍ത്ഥികളായ സദാദ്ദുദീന്‍ മാലിക്ക്, ഒമര്‍ ഖാന്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് ഈ അഞ്ച് പേരും. കഴിഞ്ഞ മാസം 28ന് രാത്രി സുഹൃത്തുക്കളുമൊത്ത് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി ഒറ്റയ്ക്കായ തക്കം നോക്കി ബെന്‍സ് കാറില്‍ എത്തിയ അഞ്ചംഗ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കാറിൽ കയറ്റുകയായിരുന്നു.