ഹൈദരാബാദ്∙ പങ്കാളികളുടെ അവിശ്വസനീയ കൊലപാതകങ്ങളുടെ കഥകൾകേട്ട് നടുങ്ങിയിരിക്കുകയാണ് മഹാനഗരങ്ങള്‍. മുംബൈയിലും ബെംഗളൂരുവിലും ലിവിങ് പങ്കാളികൾ സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തകളാണ് അടുത്തിടെ പുറത്തു വന്നത്. ഇതിനിടെ മറ്റൊരു പ്രണയ കൊലപാതക കഥ പുറത്തുവരികയാണ് ഹൈദരാബാദിൽ നിന്ന്. വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയതിനെ തുടർന്ന് പങ്കാളിയെ കൊന്നത് പുരോഹിതനായ അയ്യഗാരി സായ് കൃഷ്ണയാണ്.
വിവാഹിതനായ അയ്യഗാരി സായ്കൃഷ്ണ 30 വയസ്സുള്ള കുരുഗന്ദി അപ്സര എന്ന യുവതിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹം കഴിക്കാൻ അപ്്സര നിർബന്ധിച്ചതാണ് കൊലപാതക കാരണം. തെലങ്കാന സരൂർനഗറിലെ രജിസ്റ്റർ ഓഫിസിനു സമീപത്തുള്ള ഓടയിലാണ് പുരോഹിതനായ സായ്കൃഷ്ണ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചത്. അതിനുശേഷം അന്വേഷണം വ്യതിചലിപ്പിക്കുന്നതിനായി യുവതിയെ കാണാനില്ലെന്ന് ഇയാൾ പൊലീസിൽ അറിയിച്ചു. പൊലീസ് ചോദിച്ചപ്പോൾ ഭദ്രാചലത്തിലേക്കു പോകുന്നതിനായി അപ്സരയെ ബസ് സ്റ്റാൻഡിലിറക്കി എന്ന് സായ്കൃഷ്ണ പറഞ്ഞു.
മേയ് മൂന്ന് മുതലാണ് യുവതിയെ കാണാതായതെന്ന് സായ്കൃഷ്ണ പൊലീസിൽ അറിയിച്ചു. ഫോൺകോളുകൾക്കു അപ്സര മറുപടി നൽകിയില്ലെന്നും പ്രതി പറഞ്ഞു. മരുമകളാണ് അപ്സര എന്നാണ് ഇയാൾ ആദ്യം പൊലീസിൽ പറഞ്ഞത്. സിസിടിവി പരിശോധനയിൽ സായ്കൃഷ്ണയ്ക്കെതിരെ പൊലീസിനു തെളിവുകൾ ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അപ്സര തന്റെ ഭക്തയും കാമുകിയുമാണെന്ന് ഇയാൾ സമ്മതിച്ചു. യുവതി വിവാഹത്തിനു നിര്‍ബന്ധിച്ചിരുന്നതായും താന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നും പ്രതി പറഞ്ഞു.എങ്ങനെ കൊലപാതകം നടത്താമെന്ന് ഗൂഗിളിൽ നോക്കി പഠിച്ചാണ് സായ് കൃഷ്ണ കൃത്യം നടത്തിയത്. എങ്ങനെയാണ് ഒരു മനുഷ്യനെ കൊല്ലുന്നതെന്നാണ് സായ്കൃഷ്ണ ഫോണിൽ പരിശോധിച്ചത്. മൃതദേഹം അഴുകുന്നത് വേഗത്തിലാക്കുന്നതിനായി കല്ലുപ്പ് ഉപയോഗിക്കാമെന്ന് സായ്കൃഷ്ണ കണ്ടെത്തിയതും ഇന്റർനെറ്റിൽ നിന്നാണ്. ഷംസാബാദിൽ വച്ചാണ് ഇയാൾ അപ്സരയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി സരൂർനഗറിൽ എത്തിക്കുകയായിരുന്നു. ഇയാൾ പുരോഹിതനായ ക്ഷേത്രത്തിനു സമീപത്തുള്ള അഴുക്കുചാലിലാണ് മൃതദേഹം ഉപേക്ഷിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സായ്കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു.