ഹൈദരാബാദ്: ഹോസ്റ്റൽ മെസിലെ ഞെട്ടിക്കുന്ന വിഡിയോ പുറത്തുവിട്ട് ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി വിദ്യാർഥികൾ. ഹോസ്റ്റലിലെ അടുക്കളയിൽ തയാറാക്കിയ കറിയിൽ എലി നീന്തുന്ന വിഡിയോയാണ് ഇവർ പങ്കുവെച്ചത്. ഹോസ്റ്റലിൽ തയാറാക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷയെ സംബന്ധിച്ച് കടുത്ത ആശങ്കയുയർത്തുന്നതാണ് വിഡിയോ.
വലിയൊരു പാത്രം കറിയിൽ എലി നീന്തുന്ന വിഡിയോയാണ് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളിൽ ഒരാൾ പങ്കുവെച്ചത്. മുടിവെക്കാത്ത കറിപാത്രത്തിലേക്ക് എലി വീഴുകയായിരുന്നുവെന്നാണ് സൂചന. വിഡിയോ പുറത്ത് വന്നതോടെ ഹോസ്റ്റൽ ഭക്ഷണത്തിന്റെ ശുചിത്വത്തെ സംബന്ധിച്ച് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
വിഡിയോ എക്സിലൂടെ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. കുട്ടികളുടെ ജീവൻ വെച്ചാണ് അധികാരികൾ കളിക്കുന്നതെന്നും സുരക്ഷിതമായി താമസിക്കാനുള്ള സാഹചര്യം ഹോസ്റ്റലുകളിൽ ഒരുക്കണമെന്നായിരുന്നു കമന്റുകളിലൊന്നിന്റെ ആവശ്യം. അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചതെന്നായിരുന്നു മറ്റൊരു വിമർശനം.
അതേസമയം, ഭക്ഷ്യസുരക്ഷയിൽ ആശങ്കയുണ്ടാക്കുന്ന നിരവധി സംഭവങ്ങൾ ഈയടുത്ത് നടന്നിരുന്നു. ഓർഡർ ചെയ്ത് വരുത്തിയ ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ കണ്ടെത്തിയതായിരുന്നു ഇതിലൊരു സംഭവം.