അജഗജാന്തരത്തിന് ശേഷം താന്‍ രചന നിര്‍വ്വഹിക്കേണ്ടിയിരുന്ന ചിത്രം ഔദ്യോഗികമായി ഉപേക്ഷിക്കുകയാണെന്ന് നടന്‍ കിച്ചു ടെല്ലസ്. പ്രോജക്റ്റ് ഓണ്‍ ആയപ്പോള്‍ നിര്‍മ്മാതാവ് നല്‍കിയ അഡ്വാന്‍സ് ചെക്ക് മാറാനാവാതെ ഇപ്പോഴും തന്‍റെ കൈയില്‍ ഇരിക്കുകയാണെന്നും കിച്ചു പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് നടനും രചയിതാവുമായ കിച്ചു ടെല്ലസിന്‍റെ പ്രതികരണം. കുരുവി പാപ്പ എന്ന ചിത്രത്തിന് ശേഷം ജോഷി ജോണ്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ അപ്പാനി ശരത് ആയിരുന്നു നായകന്‍. അഞ്ചു മരിയ, അരുണ്‍ ഗോപിനാഥന്‍ എന്നിവരായിരുന്നു നിര്‍മ്മാതാക്കളുടെ സ്ഥാനത്ത്.
കിച്ചു ടെല്ലസിന്‍റെ കുറിപ്പ്
സിനിമാ മേഖലയിൽ അങ്കമാലി ഡയറീസ് മുതൽ ഇന്ന് വരെയുള്ള സമയം വളരെ ആത്മാർത്ഥമായിത്തന്നെ എല്ലാവരോടൊപ്പവും സഹകരിച്ചു പോകുന്ന വ്യക്തിയാണ് ഞാൻ. അഭിനയത്തോടൊപ്പമാണ് എഴുത്തും ആരംഭിച്ചത്. അജഗജാന്തരം എന്ന സിനിമ ഹിറ്റ് ആയതിനു ശേഷം ഒന്ന് രണ്ട് സബ്ജക്റ്റുകള്‍ കൈയിലുണ്ടായിരുന്നു. ഇത് പലരുമായും ഞാൻ വ്യക്തിപരമായി ചർച്ച ചെയ്തിരുന്ന സമയത്ത്, കുരുവി പാപ്പ എന്ന സിനിമ ചെയ്തവർ- ജോഷി, അരുൺ എന്നിവർ എന്നെ ഇങ്ങോട്ട് വന്നു കണ്ട് എത്രയും പെട്ടെന്ന് തന്നെ സിനിമ ഓണ്‍ ആക്കണമെന്ന് പറയുകയും നായകനായി അപ്പാനി ശരത്തിനെ വെക്കുകയും ചെയ്തു.
ഒഫിഷ്യല്‍ മീറ്റിംഗ് കഴിഞ്ഞിറങ്ങുമ്പോൾ അഡ്വാന്‍സ് തുക എനിക്കും നായകനും ബാങ്ക് ചെക്ക് ആയി തന്നിരുന്നു.
പറയുന്ന ദിവസമേ ബാങ്കിൽ ഇടാവൂ എന്ന് പറഞ്ഞിരുന്നത് കൊണ്ട് കുറച്ചു ദിവസം കാത്തിരുന്നു. പതുക്കെ പതുക്കെ ഓരോരോ പ്രശ്നങ്ങൾ പലരീതിയിൽ ഉന്നയിച്ചുകൊണ്ട് നിര്‍മ്മാതാവ് വന്നെങ്കിലും ഞാൻ എന്റെ ഫ്രീം ടൈം നോക്കി കോട്ടയം വരെ പോയി അവരെ നേരിൽ കണ്ടു സംസാരിച്ചു പരിഹരിച്ചു. അപ്പോഴും ചെക്ക് ബാങ്കില്‍ കൊടുക്കേണ്ട, പകരം അക്കൌണ്ട് വഴി അയച്ചോളാമെന്ന് പറയുകയാണ് ചെയ്തത്. ഒരുമാസത്തോളമായി ഒപ്പിട്ട ഈ ചെക്ക് എന്റെ കൈയില്‍ ഇരിക്കുന്നു.
ഒരു സിനിമ ഓണ്‍ ആകുമ്പോൾ എല്ലാവരെയും പോലെ തന്നെ നമ്മൾ പ്രതീക്ഷിക്കും. പണം മാത്രമല്ലല്ലോ, മാനസികമായി നമ്മുടെ സന്തോഷം അടുത്ത കഥ ഓണ്‍ ആയി എന്നുള്ളത് തന്നെയായിരുന്നു. എന്നെ പോലെ ലൈവ് ആയി നിൽക്കുന്നവർക്ക് പോലും ഇതുപോലുള്ളവരെക്കൊണ്ട് കഷ്ടമാണ്. ഇവരുടെ ഫോട്ടോ അടക്കം ഞാൻ പോസ്റ്റ് ചെയ്യുന്നത്, നാളെ സിനിമ സ്വപ്നം കണ്ട് മുന്നോട്ട് പോകുന്നവർക്കിടയിൽ വലിയൊരു കല്ലുകടിയാകും ഇവരെപ്പോലുള്ളവർ. ദയവായി എല്ലാവരുടെയും സമയത്തിനും മാനസിക സന്തോഷത്തിനുമൊക്കെ വിലയുണ്ടെന്ന് മറക്കരുത്. ഈ പ്രോജക്റ്റ് ഔദ്യോഗികമായി ഞങ്ങള്‍ ഉപേക്ഷിക്കുകയാണ്.