ലഖ്നോ: ഉത്തർപ്രദേശിലെ കയ്സർഗഞ്ച് സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിയാരാകുമെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ സ്ഥാനാർഥിയാകുമെന്ന സൂചന നൽകി സിറ്റിങ് എം.പി ബ്രിജ് ഭൂഷൺ സിങ്. 99.9 ശതമാനവും മണ്ഡലത്തിൽ നിന്നും താൻ തന്നെ മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു. വനിത ഗുസ്തിതാരങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസിലെ പ്രതിയാണ് ബ്രിജ് ഭൂഷൺ.
ഞാൻ ഇപ്പോൾ സ്ഥാനാർഥിയല്ല. എന്നാൽ, കയ്സർഗഞ്ച് സീറ്റിൽ ആരെയും ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തവണ രണ്ട് ലക്ഷത്തിലേറെ വോട്ടിനാണ് താൻ വിജയിച്ചത്. ഇത്തവണ അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാക്കാനാണ് പ്രവർത്തകരുടെ ശ്രമം. എല്ലാം ദൈവം തീരുമാനിക്കട്ടെ. താൻ ശക്തനായ സ്ഥാനാർഥിയാണ്. 99.9 ശതമാനവും താൻ തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.തെരഞ്ഞെടുപ്പിന് ഒരു മണിക്കൂർ മുമ്പ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചാലും മണ്ഡലത്തിൽ ബി.ജെ.പി തന്നെ വിജയിക്കും. പാർട്ടി എനിക്ക് ടിക്കറ്റ് നിഷേധിച്ചാലും രാജ്യത്ത് ബി.ജെ.പി ജയിക്കുന്ന 400 സീറ്റുകളിലൊന്ന് കയ്സർഗഞ്ചായിരിക്കും. ഇവിടെ നിന്നും വിജയം തുടങ്ങണമെന്നാണ് പ്രധാനമന്ത്രിയോട് തനിക്ക് അഭ്യർഥിക്കാനുള്ളത്. പൂർവാഞ്ചൽ മേഖലയിൽ രാഹുലും പ്രിയങ്കയും ഒരു സ്വാധീനവും ചെലുത്തില്ലെന്നും ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു. വനിത ഗുസ്തിതാരങ്ങൾക്കെതിരെ നടത്തിയ ലൈംഗികാതിക്രമത്തിലൂടെയാണ് ബ്രിജ് ഭൂഷൺ കുപ്രസിദ്ധനായത്. ഇയാൾക്കെതിരെ വനിത ഗുസ്തിതാരങ്ങൾ നടത്തിയ ഐതിഹാസിക സമരം അന്താരാഷ്ട്രതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.